റിയാദ്: സൗദിയില്‍ ജനാലയ്ക്ക് പുറത്ത് കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ് അധികൃതര്‍. ഏഴുവയസ്സുകാരന്‍ ആണ് കളിക്കുന്നതിനിടെ ഫ്ലാറ്റിലെ ജനാലയുടെ കമ്പിക്ക് പുറത്ത് കുടുങ്ങിപ്പോയത്. കളിക്കുന്നതിനിടെ കുട്ടി നടന്ന് ജനാലയുടെ അടുത്ത് പോയത് വീട്ടുകാര്‍ കണ്ടിരുന്നില്ല.

മുറിയിലേക്ക് തിരിച്ചുകയറാനാകാതെ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പിടിവിട്ട് ഏത് നിമിഷവും താഴെവീഴുമെന്ന നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി സുഖമായിരിക്കുന്നുവെന്ന് അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് ഇബ്രാഹിം അബല്‍ഖൈല്‍ അറിയിച്ചു.