Asianet News MalayalamAsianet News Malayalam

നിബന്ധനകള്‍ കര്‍ശനമാക്കി അധികൃതര്‍; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചയച്ചു

ബഹ്റൈനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ രാജ്യത്ത് താമസിക്കാന്‍ പോകുന്ന ഓരോ ദിവസത്തേക്കും 50 ദിനാര്‍ വീതം കൈവശമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. മടങ്ങിപ്പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ഈ ടിക്കറ്റ് ഗള്‍ഫ് എയറിന്റേത് അല്ലെങ്കില്‍, എമിഗ്രേഷന്‍ പരിശോധനാ സമയത്ത് ടിക്കറ്റ് നമ്പര്‍ ഉണ്ടായിരിക്കണം. 

Several foreigners including malayalis forced to return from Bahrain Airport after failed to meet conditions
Author
First Published Sep 20, 2022, 1:07 PM IST

മനാമ: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണെന്നും ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

സന്ദര്‍ശക വിസ ദുരുപയോഗം ചെയ്ത്, തൊഴില്‍ അന്വേഷിച്ചും മറ്റും വ്യാപകമായി ആളുകള്‍ എത്തുന്നതും ഇവരില്‍ പലരും രാജ്യത്ത് കുടുങ്ങുന്നതുമായ സംഭവങ്ങള്‍ കണക്കിലെടുത്ത് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹ്റൈനില്‍ ജോലി തരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കി ഏജന്റുമാര്‍ വന്‍തുക ഈടാക്കിയ ശേഷം സന്ദര്‍ശക വിസയില്‍ എത്തിച്ചവരും തിരിച്ച് പോകേണ്ടി വന്നവരുടെ കൂട്ടത്തിലുണ്ട്. യാത്രക്കാര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗള്‍ഫ് എയര്‍, വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു.

ബഹ്റൈനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ രാജ്യത്ത് താമസിക്കാന്‍ പോകുന്ന ഓരോ ദിവസത്തേക്കും 50 ദിനാര്‍ വീതം കൈവശമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. മടങ്ങിപ്പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ഈ ടിക്കറ്റ് ഗള്‍ഫ് എയറിന്റേത് അല്ലെങ്കില്‍, എമിഗ്രേഷന്‍ പരിശോധനാ സമയത്ത് ടിക്കറ്റ് നമ്പര്‍ ഉണ്ടായിരിക്കണം. ബഹ്റൈനില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന ഹോട്ടലിന്റെ ബുക്കിങ്, അല്ലെങ്കില്‍ സ്‍പോണ്‍സര്‍ ചെയ്യുന്ന ആളുടെ താമസ സ്ഥലത്തിന്റെ രേഖ. കവറിങ് ലെറ്റര്‍, സി.സി.ആര്‍ റീഡര്‍ കോപ്പി എന്നിവയും ഉണ്ടായിരിക്കണം. 

ജോലി അന്വേഷിക്കാനായി ബഹ്റൈനിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഏജന്റുമാര്‍ ബാങ്ക് സ്റ്റേറ്റ്മെന്റും മറ്റും കൃത്രിമമായി ഉണ്ടാക്കി നല്‍കുന്നതായും ആരോപണമുണ്ട്. ഒരാളുടെ രേഖകള്‍ തന്നെ പേര് മാറ്റി പലര്‍ക്കായി നല്‍കിയാണ് പരിശോധകരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരക്കാര്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കൂടുങ്ങുകയും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെടുകയും ചെയ്യും. 

മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഹാളില്‍ കഴിയേണ്ടി വന്ന അവസ്ഥയും ചിലര്‍ക്കുണ്ടായി. വിനോദ സഞ്ചാരത്തിനായി നല്‍കുന്ന, ഒരു വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ ദുരുപയോഗം ചെയ്യുന്നവരാണ് പരിശോധനയില്‍ കുടുങ്ങുന്നത്. ഇത് കാരണം യാത്ര പുറപ്പെടുമ്പോള്‍ തന്നെ കര്‍ശന പരിശോധന നടത്താന്‍ ചില വിമാനക്കമ്പനികള്‍ നടപടികള്‍ തുടങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രവേശനം നിഷേധിക്കപ്പെട്ട് വിമാനത്താവളത്തില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിക്കേണ്ടി വരുന്നതിലൂടെ വിമാനക്കമ്പനികള്‍ക്കും ഇത് തലവേദനയാവുന്നുണ്ട്.

Read also: യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

Follow Us:
Download App:
  • android
  • ios