ഷാര്‍ജ: അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റിന്റെ ഫലമായി യുഎഇയിലെ വിവിധയിടങ്ങളില്‍ കടല്‍വെള്ളം കയറി. കല്‍ബയിലെ അല്‍ ബര്‍ദി പ്രദേശത്ത് ഇരുപതിലധികം വീടുകളില്‍ വെള്ളം കയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ നിരവധി വീടുകളെയും ബാധിച്ചിട്ടുണ്ട്. കല്‍ബയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവര്‍ക്ക് ഹോട്ടലുകളില്‍ അധികൃതര്‍ താമസ സൗകര്യമൊരുക്കുകയും ഭക്ഷണം എത്തിക്കുകയും ചെയ്യുന്നുണ്ട്. അപകടമൊഴിവാക്കാനായി ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളം കയറിയതിനാല്‍ പല റോഡുകളിലും വാഹനങ്ങള്‍ക്ക് ഇപ്പോള്‍ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. കാലാവസ്ഥ മോശമാകാനുള്ള സാധ്യത കണക്കിലെടുത്ത് ചില സ്കൂളുകള്‍ക്ക് അവധി നല്‍കി കുട്ടികളെ വീടുകളിലേക്ക് അയച്ചു. 

ഖദ്ഫ റോഡ്, മെര്‍ബഹ് റോഡ്, അല്‍ മെസല്ലാത്ത് റോഡ്, അല്‍ റാഗില റോഡ്, കല്‍ബ കോര്‍ണിഷ്, അല്‍ നഖീല്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയതായതായാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ ചില ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. റോഡുകളില്‍ നിന്നും ജനവാസ മേഖലകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനായി ടാങ്കറുകള്‍ മറ്റ് സംവിധാനങ്ങളും വിന്യസിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ എഞ്ചി. മുഹമ്മദ് അല്‍ അഫ്‍ഖം അറിയിച്ചു. കടകളിലും വീടുകളും വെള്ളം കയറാതിരിക്കാന്‍ ബാരിയറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.