എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തിയവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ വിസ കാലാവധി കഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിയമം.
വാഷിങ്ടണ്‍: എച്ച് 1 ബി വിസയിലെത്തി യുഎസില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നിരവധി തടസ്സങ്ങള്‍. ജനനം കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെയും ഒസിഐ(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്) കാര്‍ഡുകള്‍ കൈവശമുള്ളവരുടെയും വിസകള്‍ പുതിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രകാരം താല്‍ക്കാലികമായി നീട്ടി വെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തിയവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ വിസ കാലാവധി കഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിയമം. ഇത്തരത്തില്‍ എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തി ജോലി നഷ്ടപ്പെട്ട ഒരു ഇന്ത്യന്‍ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങാനായി എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ നെവാര്‍ക് വിമാനത്താവളത്തിലെത്തിയ ഇവര്‍ക്ക് യാത്രാനുമതി ലഭിച്ചില്ലെന്നും യുഎസ് പൗരന്മാരായതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നിഷേധിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരായതിനാല്‍ അവര്‍ക്ക് മടങ്ങാനാകും. പക്ഷേ യുഎസ് പൗരന്മാരായ മക്കളെ കൂടെ കൊണ്ടുപോകാന്‍ അനുമതി ഇല്ല.
'എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വളരെയധികം സഹകരിച്ചു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ നീക്കാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനാകില്ലെന്നാണ് പറയുന്നത്'- ദമ്പതികള്‍ പിടിഐയോട് പറഞ്ഞു. മാനുഷികാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം പുഃനപരിശോധിക്കണമെന്നാണ് ഇന്ത്യന്‍ ദമ്പതികളുടെ ആവശ്യം. നിലവില്‍ യുഎസില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വ്വീസില്‍ ആവശ്യപ്പെടാനിരിക്കുകയാണ് ഇവര്‍.
ജോലി നഷ്ടപ്പെട്ടതിന് ശേഷം 60 മുതല്‍ 180 ദിവസം വരെ യുഎസില്‍ തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്എച്ച് 1 ബി വിസ ഉടമകള്‍ വൈറ്റ് ഹൗസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തിനിടെ 33 ദശലക്ഷം യുഎസ് പൗരന്മാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുക മാത്രമാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുമ്പിലുള്ള വഴി.
