അബുദാബി: കുറഞ്ഞ വിലയ്ക്ക് ടൂര്‍ പാക്കേജുകള്‍ പരിചയപ്പെടുത്തി യുഎഇയില്‍ വന്‍ തട്ടിപ്പ്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. ലോകമെമ്പാടുമുള്ള അത്യാഢംബര ഹോട്ടലുകളില്‍ കുറഞ്ഞ നിരക്കില്‍ താമസം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തായിരുന്നു ടൂര്‍ കമ്പനിയുടെ പേരില്‍ പണം തട്ടിയത്.

ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്തവര്‍ക്ക് അജ്ഞാനായ ഒരു വ്യക്തിയില്‍ നിന്ന് ലഭിച്ച ഇ-മെയില്‍ സന്ദേശമാണ് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. പലരില്‍ നിന്നായി ലക്ഷക്കണക്കിന് ദിര്‍ഹം സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് തട്ടിപ്പിനിരയായത്. ഇവരിലധികവും ഇന്ത്യക്കാരുമാണ്. ഇ-മെയില്‍ സന്ദേശം കിട്ടി ടൂര്‍ കമ്പനിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. അബുദാബി ഇക്കണോമിക് ഡെവല‍പ്‍മെന്റ് (ഡി.ഇ.ഡി) വകുപ്പിന്റെ നോട്ടീസും കെട്ടിടത്തില്‍ പതിച്ചിട്ടുണ്ടായിരുന്നു. പണം നഷ്ടമായവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ എംബസിയുടെ സഹായവും തേടി.

യുഎഇയിലെ പ്രമുഖ മാളുകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകാര്‍ വലവീശിയത്. മാളുകളുടെ പ്രവേശന കവാടത്തില്‍ വെച്ച് ടൂര്‍ കമ്പനിയുടെ എക്സിക്യൂട്ടീവുകള്‍ എന്ന് പരിചയപ്പെടുത്തിയവര്‍ ഒരു ഫോറം പൂരിപ്പിച്ച് വാങ്ങുകയായിരുന്നു. ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും തൊട്ടടുത്ത ദിവസം തന്നെ കുടുംബത്തോടൊപ്പം ഓഫീസിലെത്തി സമ്മാനം വാങ്ങണമെന്നും അറിയിച്ച് ഒരു ഫോണ്‍ കോള്‍ പിന്നാലെയെത്തി. ഇതനുസരിച്ച് ഓഫീസിലെത്തിയവര്‍ക്ക് മുന്നില്‍ മനംമയക്കുന്ന ടൂര്‍ പാക്കേജുകള്‍ കുറഞ്ഞ നിരക്കില്‍ അവതരിപ്പിച്ചു. പിന്നീട് കരാര്‍ ഒപ്പിട്ട് ചെക്കി വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണവും കൈപ്പറ്റി. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് 35,000 ദിര്‍ഹം നഷ്ടമായ ഇന്ദു ശരവണന്‍ പറയുന്നു.

കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത് 25 ആഴ്ചകള്‍ക്കുള്ളില്‍ ലോകത്ത് എവിടെയുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 75 ദിവസത്തെ താമസം ഉള്‍പ്പെടുന്ന പാക്കേജുകളാണ് അവതരിപ്പിച്ചത്. വിപണിയില്‍ ലഭ്യമാവുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരുന്നു ഇവ വാഗ്ദാനം ചെയ്തതും. ഒരിക്കല്‍ ഫുജൈറയിലെ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് കമ്പനി എക്സിക്യൂട്ടീവ് അറിയിച്ചതായി തട്ടിപ്പിനിരയായ മറ്റൊരു പ്രവാസി സന്തോഷ് രാജമാണിക്യം പറയുന്നു. എന്നാല്‍ ഹോട്ടലിലെത്തിയപ്പോള്‍ ബുക്കിങ് നിലവിലില്ലെന്ന് മനസിലായി. എക്സിക്യൂട്ടീവിനെ വിളിച്ചപ്പോള്‍ ഹോട്ടലില്‍ തല്‍കാലം പണം നല്‍കാന്‍ പറയുകയും പിന്നീട് അത് തിരികെ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. 25,000 ദിര്‍ഹമാണ് സന്തോഷ് രാജമാണിക്യത്തിന് നഷ്ടമായത്.

90 ശതമാനം വരെ വിലകുറച്ചും പലര്‍ക്കും പാക്കേജുകള്‍ വിറ്റു. 15,000 ദിര്‍ഹത്തിന്റെ ടൂര്‍ പാക്കേജാണ് തനിക്ക് മുന്നില്‍ അവതരിപ്പിച്ചതെന്നും എന്നാല്‍ താന്‍ വിസമ്മതിച്ചപ്പോള്‍ വിലപേശലുകള്‍ക്കൊടുവില്‍ അതേ പാക്കേജ് 1750 ദിര്‍ഹത്തിന് നല്‍കിയെന്നും തട്ടിപ്പിനിരയായ മറ്റൊരു പ്രവാസി പറഞ്ഞു. വിവിധ എമിറേറ്റുകളില്‍ നിന്ന് തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് വാട്സ്ആപ് കൂട്ടായ്മ രൂപീകരിച്ച ശേഷം കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്ന് ഭാവി നടപടികള്‍ ആസൂത്രണം ചെയ്തു.

അജ്ഞാതനായ ഒരാള്‍ അയച്ച ഇ-മെയിലിലൂടെയാണ് തട്ടിപ്പിനിരയായ വിവരം ഇവര്‍ അറിയുന്നത്. ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിലരാണ് തട്ടിപ്പിന് പിന്നിലെന്ന്  ഇരുന്നൂറോളം പേര്‍ക്ക് ഒരുമിച്ചയച്ച ഇ-മെയിലില്‍ പറയുന്നു. പണം തിരികെ ലഭിക്കാന്‍ നിയമപോരാട്ടം നടത്തണമെന്നും ഇ-മെയിലില്‍ ആഹ്വാനമുണ്ട്. തട്ടിപ്പ് നടത്തിയവരുടെ പേരുകളും ഇവര്‍ വെളിപ്പെടുത്തി. ഇതേ വ്യക്തികള്‍ ചേര്‍ന്ന് മറ്റൊരു ടൂര്‍ കമ്പനിയുടെ പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. മൂന്ന് മാസത്തിനുള്ളിലാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് ഈ സംഘം നടത്തിയതെന്നും ഇരയായവര്‍ വ്യക്തമാക്കി.