ദുബായ്: ധനവിനിമയ രംഗത്ത് രാജ്യത്തെ മുൻനിരക്കാരായ ഷറഫ് എക്സ്ചേഞ്ചിന്റെ നാല് പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു. യുഎഇയിൽ ശക്തമായ സാന്നിധ്യവും മികച്ച സേവനവും ലക്ഷ്യമിട്ട് നടത്തുന്ന വൻ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ ശാഖകൾ ആരംഭിച്ചിരിക്കുന്നത്.  

ദുബായിലെ അല്‍ ഖിസൈസ്, ഇന്റര്‍നാഷണല്‍ സിറ്റി എന്നിവിടങ്ങളിലും, ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അജ്മാനിലെ ജര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലുമാണ് പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചിരിക്കുന്നത്. നിലവിൽ യുഎഇയിലെ 30 സുപ്രധാന ലൊക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഷറഫ് എക്‌സ്‌ചേഞ്ചിന് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ അഞ്ച് ശാഖകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്. 

ഉപയോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയും പെട്ടെന്ന് എത്തിപ്പെടാവുന്നത്ര അടുത്ത് ബ്രാഞ്ചുകളിട്ടും ലോകത്തെവിടേക്കും അനായാസം പണമയക്കാൻ കഴിയുന്ന തരത്തിൽ ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനം സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് ഷറഫ് എക്‌സ്‌ചേഞ്ച് കൂടുതല്‍ വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. വ്യക്തിഗത പണമിടപാടുകൾക്കു പുറമേ, ഉപഭോക്താക്കള്‍ക്ക് അവരുടെ ധനവിനിമയം, ഫോറെക്‌സ് സേവനം തുടങ്ങി നിരവധി ആവശ്യങ്ങൾ നിറവേറ്റാനുള്ള ഏക ജാലക സംവിധാനമെന്ന നിലയിലാണ് സ്ഥാപനത്തിന്റെ ഓരോ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നത്.

മൂന്ന് എമിറേറ്റുകളിലായി നാല് പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചുകൊണ്ട് ഞങ്ങളുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ഷറഫ് എക്‌സ്‌ചേഞ്ച് സിഇഒ  രാജേഷ് ജി.കെ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപപ്രദേശങ്ങളില്‍ തന്നെ ഉത്തമമായ ധനവിനിമയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിപുലീകരണ പദ്ധതികള്‍. നൂതന സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ ഞങ്ങള്‍ ഇന്ന് വിപണിയില്‍ ദ്രുതഗതിയിലുള്ള പരിവര്‍ത്തന പാതയിലാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമാനതകളില്ലാത്ത ഉപഭോക്തൃ സ്വീകാര്യതയും, മികച്ച കാര്യക്ഷമതയും സ്ഥാപനം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഷറഫ് ഗ്രൂപ്പിന്റെ കീഴിലുള്ള ഷറഫ് എക്‌സ്‌ചേഞ്ച് യുഎഇ വിപണിയോട് വളരെയധികം പ്രതിജ്ഞാബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. മേഖലയിലുടനീളം വിപുലീകരിക്കാനുള്ള ഞങ്ങളുടെ ദീര്‍ഘകാല പദ്ധതികള്‍ അനുസരിച്ചാണ് പുതിയ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സ്വാഭാവികവും ആസൂത്രിതവുമായ വളര്‍ച്ചാ മാര്‍ഗങ്ങളിലൂടെ ഓരോ വര്‍ഷവും വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകള്‍ ആരംഭിച്ചുകൊണ്ട് വിപണിയിൽ വൻ മുന്നേറ്റം നടത്താന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം, നൂതന ആശയങ്ങളിലൂടെ ഫിന്‍ടെക് മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ മികച്ച ഡിജിറ്റല്‍ സൊലുഷ്യനുകള്‍ ശക്തിപ്പെടുത്തുകയാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എമിറേറ്റുകളിലുടനീളമുള്ള വിവിധ പാര്‍പ്പിട പ്രദേശങ്ങളിലും, വ്യാവസായിക മേഖലകളിലും താമസിക്കുന്ന എല്ലാ ദേശക്കാര്‍ക്കും ഞങ്ങള്‍ സേവനമെത്തിക്കുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുളള ജീവനക്കാരുടെ നിരയെ ഉപയോഗപ്പെടുത്തി വിവിധ ദേശക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച ആശയ വിനിമയം സാധ്യമാക്കാനും ഞങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു. ഓരോ ഉപഭോക്താവും കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പണത്തിന്, ഏറ്റവും മികച്ച വിനിമയ നിരക്കുകള്‍ തന്നെ ഞങ്ങള്‍ ലഭ്യമാക്കുന്നു. ഈ സമീപനങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ബ്രാന്‍ഡിന് അസാധാരണമായ വളര്‍ച്ച നേടാന്‍ സഹായിച്ചുവെന്നും ശ്രീ. രാജേഷ് പറഞ്ഞു.

ധനവിനിമയ സ്ഥാപനങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച കസ്റ്റമര്‍ ലോയല്‍റ്റി പ്രോഗ്രാമായ 'ഉസ്‌റത്തി' ഷറഫ് എക്‌സ്‌ചേഞ്ചിന്റെ സവിശേഷതകളിലൊന്നാണെന്ന് ഷറഫ് എക്‌സ്‌ചേഞ്ച് പ്രൊഡക്റ്റ്‌സ്, പാര്‍ട്ണര്‍ഷിപ്പ്, ആന്റ് ചാനല്‍സ് മേധാവി ചെറിയാന്‍ ജോസഫ് പറഞ്ഞു. ഞങ്ങളുടെ വളരുന്ന ഉപഭോക്തൃ അടിത്തറയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നാണിത്. ഉപയോക്താക്കള്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ഇതിലൂടെ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം അടിയന്തിര വിമാന ടിക്കറ്റുകളുടെ ഇനത്തില്‍ മാത്രം 100,000 ദിര്‍ഹത്തിലധികം ഈ പദ്ധതിയിലൂടെ ഞങ്ങള്‍ ഉപയോക്താക്കൾക്ക് നല്‍കുകയുണ്ടായി. പുതിയ ബ്രാഞ്ചുകളിലൂടെയും ഇത്തരം ആവേശകരമായ ലോയല്‍റ്റി ആനുകൂല്യങ്ങള്‍ ആരംഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

മികച്ച സേവനത്തിലൂടെയും മെച്ചപ്പെട്ട നിരക്കുകളിലൂടെയും ഉപഭോക്താക്കളുടെ മനസ്സിൽ ആദ്യമെത്തുന്ന ഇഷ്ട ബ്രാൻഡായി മാറിക്കൊണ്ട് ബിസിനസ്സ് വളര്‍ച്ച കൈവരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ ഇത്തരം ആവശ്യങ്ങള്‍ മുന്നിൽ കണ്ടാണ് ഞങ്ങളുടെ ഓരോ സേവനങ്ങളും പ്രത്യേക പ്രൊഡക്ടുകളും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതെന്നും ശ്രീ ചെറിയാൻ കൂട്ടിച്ചേർത്തു. 

അല്‍ ഖിസൈസിലെ എമിറേറ്റ്‌സ് താമസ കെട്ടിടത്തിലും, ഇന്റര്‍നാഷണല്‍ സിറ്റി അല്‍ അവീര്‍ റോഡിലെ ഡ്രാഗണ്‍ മാര്‍ട്ട് 1 (സോണ്‍ എച്ച്.എ) ലും, ഷാര്‍ജ വ്യവസായ മേഖലയിലെ ഖാന്‍സഹിബ് പ്രദേശത്തിന് സമീപം അറേബ്യന്‍ ജറുസലേം കെട്ടിടത്തിലും, അജ്മാനില്‍ ജര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുമാണ് ഷറഫ് എക്‌സ്‌ചേഞ്ചിന്റെ പുതിയ നാല് ബ്രാഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.