ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ റസ്റ്റോറന്റിൽ നിന്നുമാണ് യാത്രക്കാരൻ ഭക്ഷണം കഴിച്ചത്

ഷാർജ: ടെർമിനൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ല് അടയ്ക്കാൻ മറന്ന യാത്രക്കാരനെ അമ്പരപ്പിച്ച് ഷാർജ എയർപോർട്ട് അതോറിറ്റിയുടെ ഇടപെടൽ. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ റസ്റ്റോറന്റിൽ നിന്നുമാണ് യാത്രക്കാരൻ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ ഇദ്ദേഹം പോവുകയായിരുന്നു.

യാത്രക്കിടയിൽ ഫ്ലൈറ്റിൽ വെച്ചാണ് താൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കാൻ മറന്ന വിവരം ഇദ്ദേഹം ഓർമിക്കുന്നത്. ഉടൻ തന്നെ എയർപോർട്ട് ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഇയാൾ ഒരു വീഡിയോ പങ്കുവെക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ തന്നെ റസ്റ്റോറന്റിലെ ബില്ല് അടയ്ക്കാമെന്നും ഇതിനായി റസ്റ്റോറന്റ് ജീവനക്കാരോട് തന്നെ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വീഡിയോ.

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം ബില്ല് അടക്കുന്നതിനായി റസ്റ്റോറന്റ് ജീവനക്കാരെ ബന്ധപ്പെട്ടപ്പോൾ ഭക്ഷണത്തിന്റെ ബില്ല് നേരത്തെ തന്നെ അടച്ചെന്ന് അറിയിക്കുകയായിരുന്നു. ഷാർജ എയർപോർട്ട് അതോറിറ്റിയാണ് ഇതിനുവേണ്ട കാര്യങ്ങൾ ചെയ്തത്. വീഡിയോ പങ്കുവെച്ചിരുന്നതോടെ വിമാനത്താവളത്തിലെ നിരവധി ജീവനക്കാർ ബില്ല് അടക്കുന്നതിനായി സന്നദ്ധത പ്രകടിപ്പിച്ചെന്നും യാത്രക്കാരൻ വ്യക്തമാക്കി.

ഷാർജ എയർപോർട്ട് അതോറിറ്റിക്കും ഇത്തരമൊരു അവസ്ഥയിൽ തന്നെ സഹായിക്കാൻ എത്തിയവർക്കും യാത്രക്കാരൻ നന്ദി പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ ഈ വിഡിയോ വൈറലാവുകയായിരുന്നു. ഷാർജ എയർപോർട്ട് അതോറിറ്റിയുടെ സൗഹാർദപരമായ ഇടപെടൽ നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.