ഷാര്‍ജ: ഷാര്‍ജയില്‍ ലഹരി മരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. 6.3 കോടി ദിര്‍ഹം വില വരുന്ന 153 കിലോ ലഹരി മരുന്നുമായി 58 വിദേശികള്‍ അറസ്റ്റിലായതായി ഷാര്‍ജ പൊലീസ് അറിയിച്ചു.

അറസ്റ്റിലായവര്‍ ഏഷ്യന്‍ വംശജരാണ്. ഷാര്‍ജ പൊലീസിലെ ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ ലഹരി മരുന്ന് കള്ളക്കടത്ത് സംഘം പിടിയിലായത്. '7/7' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് വന്‍ തോതില്‍ ലഹരി മരുന്ന് പിടിച്ചെടുത്തത്. 

ലഹരി മരുന്ന് കള്ളക്കടത്ത് വ്യാപമാക്കാനായി സംഘത്തിന് ഒരു ശൃംഖല തന്നെ ഉണ്ടായിരുന്നെന്നും വിമാനത്താവളത്തിലും ഒരു തുറമുഖത്തുമായി ലഹരി മരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് സംഘത്തെ പിടികൂടിയതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സെരി അല്‍ ഷംസി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.