ഷാര്‍ജ: ഫാമിലി ഏരിയകളില്‍ നിന്ന് 6561 ബാച്ചിലര്‍മാരെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒഴിപ്പിച്ചതായി ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉത്തരവ് പ്രകാരം നടന്നുവരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് നടപടിയെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഥാബിത് അല്‍ തുറൈഫി പറഞ്ഞു.

ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ 1636 പരിശോധനകള്‍ നടത്തി. കുടുംബങ്ങള്‍ക്ക് താമസിക്കാനായി നീക്കിവെച്ചിട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെയും ബാച്ചിലര്‍മാരെയും കണ്ടെത്തി അവിടെ നിന്ന് പുറത്താക്കുകയായിരുന്നു. അംഗീകാരമില്ലാതെ വീടുകള്‍ വേര്‍തിരിച്ചും ഇലക്ട്രിക് കണക്ഷനുകള്‍ പങ്കുവെച്ച് ഉപയോഗിച്ചും നിയമലംഘനം നടത്തുകയായിരുന്ന വീടുകളിലെ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ കട്ട് ചെയ്‍തു. വീടുകള്‍ക്കുള്ളിലെ ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ താമസക്കാര്‍ക്കും കെട്ടിടങ്ങള്‍ക്കും സുരക്ഷാ ഭീഷണിയായിരുന്നുവെന്നും അല്‍ തുറൈഫി പറഞ്ഞു. 

ഷാര്‍‌ജ പൊലീസ്, ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി എന്നിവയുടെ സഹകരണത്തോടെ പരിശോധനകളും നടപടിയും തുടരാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. നിരവധി വീടുകളില്‍ റിപ്പയര്‍ വര്‍ക്ക് ഷോപ്പുകള്‍, ഭക്ഷ്യ വസ്തുക്കളുടെ വില്‍പന കേന്ദ്രങ്ങള്‍, ഇലക്ട്രിക്കല്‍ സാധനങ്ങളുടെ അനധികൃത സംഭരണം തുടങ്ങിയവയൊക്കെ കണ്ടെത്തിയതായി മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. കുടുംബത്തോടൊപ്പം താമസിക്കുന്നവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ തുറൈഫി പറഞ്ഞു.