വാരാന്ത്യങ്ങളില്‍ മലയാളികളടക്കം പതിനായിരങ്ങളാണ് യുഎഇക്കു പുറമെ ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം അല്‍താവൂനിലെ എക്സ്പോ സെന്‍റിലേക്കൊഴുകിയെത്തിയത്

ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം ആഘോഷമാക്കി പ്രവാസികള്‍. പുസ്തകങ്ങള്‍ സ്വന്തമാക്കാനും എഴുത്തുകാരെ നേരിട്ടു കാണാനുമായി പതിനായിരങ്ങളാണ് ആദ്യ ദിനങ്ങളില്‍ ഷാര്‍ജ എക്സ്പോ സെന്‍ററിലേക്ക് ഒഴുകിയെത്തിയത്. ഓരോ വര്‍ഷം കഴിയുന്തോറും ഷാര്‍ജപുസ്തകോത്സവം വളരുകയാണ്.

പുസ്തകങ്ങളുടെ എണ്ണം കൂടുന്നതോടൊപ്പം പ്രദര്‍ശന നഗരിയിലേക്കെത്തുന്നവരുടെ തിരക്കും വര്‍ധിക്കുന്നു. വാരാന്ത്യങ്ങളില്‍ മലയാളികളടക്കം പതിനായിരങ്ങളാണ് യുഎഇക്കു പുറമെ ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം അല്‍താവൂനിലെ എക്സ്പോ സെന്‍റിലേക്കൊഴുകിയെത്തിയത്. മലയാളികളുടെ പുസ്തക പ്രകാശനവേദികള്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ലോക പുസ്തകങ്ങള്‍ പരിചയപ്പെടുന്നതോടൊപ്പം എഴുത്തുകാരെയും സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും നേരിട്ടു പരിചയപ്പെടാനുള്ള വേദികൂടിയാണ് പ്രവാസികള്‍ക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം.

11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളിൽ നിന്ന് 1874 പ്രസാധകരാണ് പങ്കെടുക്കുന്നത്. കലാ, സാംസ്കാരിക,ശാസ്ത്ര, വിനോദ പരിപാടികളാണ് മേളയുടെ മറ്റൊരു ആകർഷണം.