ഷാര്‍ജ: മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് ഈമാസം മുപ്പതിന് അല്‍താവൂന്‍ എക്സ്പോസെന്‍ററില്‍ തുടക്കമാവും. 'തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകൾ' എന്ന പ്രമേയത്തിൽ നടക്കുന്ന മേളയില്‍ വിവിധ ലോക ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങനങ്ങളുടെ പ്രദർശനവും വിൽപനയുമുണ്ടായിരിക്കും
മലയാളത്തിൽ നിന്നടക്കം ലോകത്തെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാ താരങ്ങളും പ്രസാധകരും ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

കേരളത്തിലെയും യുഎഇയിലെയും മലയാളികളുടേതുൾപ്പെടെ നൂറ്റമ്പതോളം പുസ്തകങ്ങളും പ്രകാശനം ചെയ്യും. ചർച്ചകൾ, സെമിനാറുകൾ, ശിൽപശാലകൾ, മുഖാമുഖം എന്നിവ കൂടാതെ, തത്സമയ പാചക പരിപാടികളും അരങ്ങേറും. സാഹിത്യ നൊബേൽ ജേതാവായ തുർക്കി എഴുത്തുകാരൻ ഒർഹാൻ പാമുക് ആണ് ഇത്തവണത്തെ മുഖ്യ അതിഥി. കൂടാതെ, ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുൽസാർ, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത് തുടങ്ങിയവരുടെ നിര പത്തുദിവസം നീളുന്ന മേളയെ സമ്പന്നമാക്കും. 

മലയാളത്തിൽ നിന്ന് ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ, നടൻ ടൊവിനോ തോമസ് തുടങ്ങിയവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ഗൾഫിലെ ഏറ്റവും വലുതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും പുസ്തകമേളയായ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മെക്സിക്കോയാണ് ഇത്തവണത്തെ അതിഥി രാജ്യം. മെക്സിക്കോയുടെ സാഹിത്യ ചരിത്രം അനാവരണം ചെയ്യുന്ന പരിപാടികളും മേളയില്‍ അരങ്ങേറും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് 11 ദിവസം നീണ്ടുനിൽക്കുന്ന മേള. പ്രവേശനം സൗജന്യമാണ്.