ഷാര്‍ജ: ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസിന്റെ ബോധവത്കരണ വീഡിയോ. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അശ്രദ്ധരാകരുതെന്ന് ഓര്‍മിപ്പിക്കുന്ന വീഡിയോ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തിറക്കിയത്.

 

ഒരു നിമിഷത്തെ അശ്രദ്ധ കുട്ടികളെ നഷ്ടമാകുന്ന അപകടത്തിലേക്ക് എത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബീച്ചുകളില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അപകടകരമായ സ്ഥലങ്ങളില്‍ നീന്തരുതെന്നും എന്തെങ്കിലും അത്യാഹിതങ്ങളുണ്ടായാല്‍ ഉടന്‍ വിവരമറിയിക്കണമെന്നുമാണ് അറിയിപ്പ്. കഴിഞ്ഞ മാസം ഷാര്‍ജയിലെ ബീച്ചില്‍ പ്രവാസി യുവാവ് മരിച്ചതിന് പിന്നാലെയാണ് വീണ്ടും ബോധവത്കരണം തുടങ്ങിയത്.