ഷാര്‍ജ: ജനജീവിതം സുരക്ഷിതവും സുഗമവുമാക്കാൻ ഷാർജ പൊലീസിന്റെ പ്രത്യേക പദ്ധതിക്ക് തുടക്കമായി. സുരക്ഷിത അയൽപക്കം എന്ന പേരിലുള്ള പദ്ധതി കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്ന് ഷാര്‍ജ പൊലീസ് അധികൃതര്‍ പറഞ്ഞു. ഷാർജയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.

സുരക്ഷാ ബോധവത്കരണവും, മുൻകരുതലുമാണ് സുരക്ഷിത അയൽപക്കം എന്ന പദ്ധതിയുടെ ലക്ഷ്യം. ഷാർജ പൊലീസിന്റെ വിവിധ വിഭാഗങ്ങൾ ഇതിൽ പങ്കാളികളാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ പൊലീസ് സ്റ്റേഷനും ഉണ്ടാകും.

രാത്രികാല പട്രോളിങ്ങ്, രാത്രിയിൽ അടിയന്തര പരാതി സ്വീകരിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് സുരക്ഷിത അയൽപക്കം പദ്ധതി നടപ്പാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ മോഷണം തടയാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഷാർജ നിവാസികൾ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ലഘുലേഖകൾ വിതരണം ചെയ്യുന്നതായും പൊലീസ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങൾ വഴിയും സുരക്ഷാ നിർദേശങ്ങൾ നൽകുന്നുണ്ട്. പട്രോളിങ് ശക്തമാക്കിയും സംശയാസ്പദമായി കാണുന്നവരെ ചോദ്യംചെയ്തു നടപടി ശക്തമാക്കി. ഇതിന്‍റെ ഭാഗമായി സമീപകാലത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞതായും അധികൃതര്‍ പറഞ്ഞു.