ഷാര്‍ജ: തന്റെ ജന്മാനാടിന്റെ സര്‍വോതുന്മുഖ വികസനത്തിന് ഷാര്‍ജ ഭരണാധികാരിക്ക് നന്ദി അറിയിക്കണമെന്ന് പത്ത് വയസുകാരി റയാന്‍ മുഹമ്മദ് യൂസഫ് അല്‍ ഖൌരിക്ക് ആഗ്രഹം. അതിനായി അവള്‍ ഒരു വീഡിയോ സന്ദേശം തയ്യാറാക്കി. തന്റെ ആശംസകള്‍ അതില്‍ റെക്കോര്‍ഡ് ചെയ്‍ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

എന്നെങ്കിലും തന്റെ ആശംസകള്‍ പ്രിയ ഭരണാധികാരിയുടെ കൈകളിലെത്തുമെന്ന് റയാന്‍ കൊതിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധിതവണ ഷെയര്‍ ചെയ്യപ്പെട്ട് അവസാനം അത് ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൈകളിലുമെത്തി. സന്ദേശം കണ്ട ഭരണാധികാരി റയാനെ നേരിട്ട് കാണാന്‍ ക്ഷണിച്ചു.

ഒടുവില്‍ ശൈഖ് സുല്‍ത്താനെ നേരിട്ട് കണ്ട റയാന്‍, ഷാര്‍ജയില്‍ അദ്ദേഹം നടപ്പാക്കുന്ന നിരവധി പദ്ധതികള്‍ക്ക് അദ്ദേഹത്തോട് നന്ദി അറിയിച്ചു. ചെറിയ കുട്ടിയായത് കൊണ്ടുതന്നെ തനിക്ക് ഭരണാധികാരിയെ നേരിട്ട് കാണാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും എന്നാല്‍ വീഡിയോ എന്നെങ്കിലും താങ്കളുടെ കൈകളിലെത്തണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെ ഷാര്‍ജയേയും അതിന്റെ ഭരണാധികാരിയേയും താന്‍ എത്രത്തോളം സ്‍നേഹിക്കുന്നുവെന്ന് അറിയിക്കണമെന്നും ആഗ്രഹിച്ചിരുന്നതായി റയാന്‍ പറഞ്ഞു. 

ഭരണാധികാരിക്ക് ഒപ്പമിരുന്ന് റയാന്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ യുഎഇയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശൈഖ് ഖലീഫ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റും അവള്‍ക്ക് സമ്മാനിച്ചു. വീഡിയോ കാണാം...
"