അവസാന നിമിഷത്തിലും കുഞ്ഞിനെ ഓർത്ത് പിടഞ്ഞ് മെറിൻ; അമേരിക്കയിൽ മലയാളിയുടെ ക്രൂരതയ്ക്ക് കോടതി വിധി പറഞ്ഞപ്പോള്‍
ഒരു സ്പീഡ് ബമ്പില്‍ വാഹനം കയറ്റുന്ന ലാഘവത്തോടെയാണ് പ്രതി മെറിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.

വാഷിങ്ടണ്‍: അമേരിക്കയിലെ മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു മോനിപ്പള്ളി സ്വദേശിയായ മെറിൻ ജോയിയുടെ (27) കൊലപാതകം. സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിനെ 2020 ജൂലൈ 28നാണ് ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു (37) ക്രൂരമായി കൊലപ്പെടുത്തിയത്. ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി, കേസില്‍ പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് ഫിലിപ് മാത്യുവിന് വിധിച്ചത്. വിചാരണ സമയത്ത് കുറ്റം സമ്മതിച്ചതിനാലാണ് വധശിക്ഷ ഒഴിവായത്. ജീവപര്യന്തം തടവിന് പുറമെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വേറെയും കോടതി വിധിച്ചു.
ജീവപര്യന്തം ശിക്ഷ ഉറപ്പാവുമെന്നതു കൊണ്ടും അപ്പീല്‍ നല്‍കാനുള്ള അവകാശം പ്രതി ഉപേക്ഷിച്ചതു കൊണ്ടുമാണ് കോടതി വധശിക്ഷ ഒഴിവാക്കിയതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് വക്താവ് പൗല മക്മഹന്‍ പ്രതികരിച്ചു. ആശ്വാസം പകരുന്ന വിധിയാണെന്നാണ് മെറിന്റെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന കുടുംബം പ്രതികരിച്ചത്. ഫ്ലോറിഡയില്‍ തന്നെ താമസിക്കുന്ന മെറിന്റെ ബന്ധു ജോബി ഫിലിപ്പാണ് കുടുംബത്തിന് വേണ്ടി വെള്ളിയാഴ്ച കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വീക്ഷിച്ചത്. പിന്നീട് അദ്ദേഹം നടപടികളുടെ വിശദാംശങ്ങളും വിധിയും കുടുംബാംഗങ്ങളെ അറിയിച്ചു. മകളുടെ കൊലപാതകി ശിഷ്ടകാലം അഴിക്കുള്ളിലായിരിക്കുമെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച മെറിന്റെ മാതാവ് നിയമനടപടികള്‍ അവസാനിച്ചതിന്റെ ആശ്വാസവും പങ്കുവെച്ചു.
Read also: നഗരങ്ങളില്‍ ജീവിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ ഹൃദയാരോഗ്യം അപകടത്തിലാക്കുന്നൊരു ഘടകം ഇതാ...
ജോലി ചെയ്യുന്ന ആശുപത്രിയുടെ പാര്‍ക്കിങ് ലോട്ടില്‍ വെച്ചായിരുന്നു മെറിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടെ 2020 ജൂലൈ 28ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ തന്റെ കാര്‍ കൊണ്ട് മെറിന്റെ കാര്‍ തടഞ്ഞ ഫിലിപ്പ് മാത്യു, അവരെ കുത്തി വീഴ്ത്തി. 17 തവണ കുത്തിയെന്നാണ് കേസ് രേഖകളിലുള്ളത്. തുടര്‍ന്ന് ശരീരം നിലത്തിട്ട ശേഷം വാഹനം മുകളിലൂടെ കയറ്റിയിറക്കി.
ഒരു സ്പീഡ് ബമ്പില്‍ വാഹനം കയറ്റുന്ന ലാഘവത്തോടെയാണ് പ്രതി മെറിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. മരണ വെപ്രാളത്തില്‍ എന്റെ കുഞ്ഞെന്ന് പറഞ്ഞ് നിലവിളിച്ച മെറിന്‍, തന്നെ കൊലപാതകി ആരാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തകരും പൊലീസിന് മൊഴി നൽകിയിരുന്നു. ഭർത്താവ് ഫിലിപ്പിനെ ഭയന്നാണ് മെറിൻ ഓരോ ദിവസവും ജീവിച്ചതെന്നും മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു. കുഞ്ഞ് ഇപ്പോള്‍ മെറിന്‍റെ അമ്മയോടൊപ്പമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...