മസ്ജിദുല്‍ ഹറാമില്‍ ശരീഅത്ത് പഠനങ്ങള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ പ്രസിദ്ധനായിരുന്നു ശൈഖ് അബ്ദുറഹ്മാന്‍ അല്‍ അജ്ലാന്‍.

റിയാദ്: പ്രശസ്ത സൗദി മതപണ്ഡിതനും മക്ക മസ്ജിദുല്‍ ഹറാമിലെ ഉദ്ബോധകനുമായ ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല അല്‍ അജ്ലാന്‍ അന്തരിച്ചു. 85 വയസായിരുന്നു. മസ്ജിദുല്‍ ഹറാമില്‍ ശരീഅത്ത് പഠനങ്ങള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ പ്രസിദ്ധനായിരുന്നു ശൈഖ് അബ്ദുറഹ്മാന്‍ അല്‍ അജ്ലാന്‍.

അയ്ന്‍ അല്‍ജാവ പ്രവിശ്യയിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം ആരംഭിച്ചു. പിന്നീട് പത്താം വയസ്സില്‍ അല്‍ഖസീം പ്രവിശ്യയിലെ ബുറൈദ നഗരത്തിലെ അല്‍ഫൈസലിയ സ്‌കൂളില്‍ പഠനം. നാലു വര്‍ഷത്തിന് ശേഷം ബിരുദം കരസ്ഥമാക്കി. ബുറൈദ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലും റിയാദ് ശരീഅഃ കോളേജിലും പ്രവേശനം നേടി.1966 ല്‍ ആദ്യമായി ഉന്നത ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അവിടെയും പ്രവേശനം നേടി. 1953 ല്‍ തര്‍മദ പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപകനായി നിയമിതനായത്തോടെ ഔദ്യോഗിക അധ്യാപന ജീവിതം ആരംഭിച്ചു. തുടര്‍ന്ന് കോളേജില്‍ നിന്ന് ബിരുദം നേടുന്നതിന് രണ്ട് വര്‍ഷം മുമ്പ് മദീന സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു. പഠനത്തിടനയില്‍ തന്നെയാണ് അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചതും. മസ്ജിദുന്നബവി, റിയാദിലെ ശരീഅത്ത് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് വര്‍ഷങ്ങളോളം മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ അധ്യാപന ജീവിതത്തിലേര്‍പ്പെട്ടത്. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്ന ജനാസ നിസ്‌കാരത്തില്‍ മക്കയിലെ ഉന്നത പണ്ഡിതരടക്കം നിരവധി പേരാണ് പങ്കെടുത്തത്.