ദുബായ്: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി ലഭിക്കുക. കുട്ടികളെ നോക്കാന്‍ മറ്റാരുമില്ലെങ്കില്‍ പുരുഷ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 30ന് സ്കൂളുകള്‍ തുറക്കാനിരിക്കെ വീട്ടിലിരുന്നുള്ള പഠന രീതി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ മേല്‍നോട്ടം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ജോലികള്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന തരത്തിലുള്ളവ ആയിരിക്കണമെന്നും സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരു തരത്തിലുമുള്ള തടസവും നേരിടരുതെന്നുമുള്ള നിബന്ധനകളുമുണ്ട്.