'ഈ ചിത്രം ഇന്നലെ പകര്‍ത്തിയത് പോലെ തോന്നുന്നു. ഇന്നേക്ക് ഒരു വര്‍ഷമാകുന്നു. റാഷിദിനും ശൈഖയ്ക്കും ഒപ്പം ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും ജന്മദിനാശംസകള്‍'- ശൈഖ് ഹംദാന്‍ കുറിച്ചു.

ദുബൈ: തന്റെ ഇരട്ടക്കുട്ടികളുടെ ഒന്നാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മക്കള്‍ ജനിച്ച ദിവസം പകര്‍ത്തിയ ചിത്രമാണ് ശൈഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

'ഈ ചിത്രം ഇന്നലെ പകര്‍ത്തിയത് പോലെ തോന്നുന്നു. ഇന്നേക്ക് ഒരു വര്‍ഷമാകുന്നു. റാഷിദിനും ശൈഖയ്ക്കും ഒപ്പം ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും ജന്മദിനാശംസകള്‍'- ശൈഖ് ഹംദാന്‍ കുറിച്ചു. 2021 മേയ് 20നാണ് ശൈഖ് ഹംദാനും ശൈഖ ശൈഖ ബിന്‍ത് സഈദിനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. നീലയും പിങ്കും നിറങ്ങളിലുള്ള കുഞ്ഞിക്കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്താണ് അന്ന് അദ്ദേഹം മക്കളുടെ ജനനം ലോകത്തെ അറിയിച്ചത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജനിച്ചതെന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചാണ് ചിത്രം പങ്കുവെച്ചത്. അതിന് അടുത്ത ദിവസം നവജാതശിശുക്കള്‍ക്കൊപ്പമുള്ള മറ്റൊരു ചിത്രവും പങ്കുവെച്ചു. 2019 മേയിലാണ് ശൈഖ് ഹംദാനും ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമും വിവാഹിതരായത്. 

View post on Instagram