ദുബായ് സന്ദർശിക്കാൻ വാശിപിടിച്ച് കരയുന്ന മിലാൻ എന്ന കെനിയൻ ബാലന്‍റെ വീഡിയോ വൈറലായതിനെ തുടർന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ കുട്ടിയെയും അമ്മയെയും ദുബായിലേക്ക് സ്വാഗതം ചെയ്തു. ശൈഖ് ഹംദാൻ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കുട്ടിയുടെ ആഗ്രഹം സഫലമാക്കുമെന്ന് അറിയിച്ചത്.

ദുബായ്: ‘ദുബായുടെ ആത്മാവ് അവിടുത്തെ ജനങ്ങളിലാണ്’ എന്ന മനോഹരമായ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് പ്രവൃത്തിയിലൂടെ കാണിച്ചുതന്നിരിക്കുകയാണ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് സന്ദർശിക്കാൻ വാശിപിടിച്ച് കരയുന്ന മിലാൻ എന്ന കെനിയൻ ബാലനെ ദുബായിലേക്ക് സ്വാഗതം ചെയ്താണ് അദ്ദേഹം വീണ്ടും ജനഹൃദയങ്ങൾ കീഴടക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

കെനിയൻ കണ്ടന്‍റ് ക്രിയേറ്ററായ മരിയ ന്യംബാനെയാണ് തന്‍റെ മകൻ മിലാൻ കരയുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ദുബായ് എന്ന 'ഗ്രഹത്തിലേക്ക്' പോകണമെന്നാണ് മിലാന്റെ ആഗ്രഹം. ദുബായെ മറ്റൊരു ഗ്രഹമെന്നാണ് കുട്ടി വിശേഷിപ്പിച്ചത്. "ഞാൻ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കി നിന്നെ ദുബായിൽ കൊണ്ടുപോകാം" എന്ന് അമ്മ അവനെ ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം. മകന്‍റെ വലിയ ആഗ്രഹങ്ങളെയും വികാരങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണിക്കാനാണ് മരിയ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇൻസ്റ്റാഗ്രാമിൽ 1.7 കോടിയിലധികം ഫോളോവേഴ്സുള്ള ശൈഖ് ഹംദാൻ ഈ വീഡിയോ തന്റെ സ്റ്റോറിയായി റീപോസ്റ്റ് ചെയ്തു. ‘നിങ്ങളെ ദുബായിൽ കാണുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കും, ഉടനെ തന്നെ അത് സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു’ എന്ന സ്നേഹപൂർവ്വമായ സന്ദേശമാണ് അദ്ദേഹം ബാലനും അമ്മയ്ക്കുമായി നൽകിയത്. ശൈഖ് ഹംദാന്റെ ഈ അപ്രതീക്ഷിത പ്രതികരണത്തിൽ താൻ വികാരാധീനയായെന്നും ഇത് വലിയൊരു ബഹുമതിയാണെന്നും മരിയ ന്യംബാനെ പിന്നീട് കുറിച്ചു.

View post on Instagram