കുവൈത്ത്: പൊതുജനങ്ങൾ ഏറെക്കാലമായി കാത്തിരുന്ന ഷെയ്ഖ് ജാബിർ കടൽപ്പാലം തുറന്നതോടെ സുബിയയിലേക്ക് ദൂരം കുറഞ്ഞു. സുബിയയിലേക്ക് കാലങ്ങളായുള്ള യാത്രാ ക്ലേശത്തിനാണ് കടൽപ്പാലം പരിഹാരമായിരിക്കുന്നത്. ഇനി വെറും അര മണിക്കൂർ കൊണ്ട് കുവൈത്ത് സിറ്റിയിൽ നിന്നും സുബിയയിലേക്ക് എത്താനാവും.

കുവൈത്ത് അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്വപ്‌ന പദ്ധതിയായ സില്‍ക് സിറ്റിയുടെ ഭാഗമാണ് ജാബിര്‍ കടല്‍ പാലം. ഗസാലി അതി വേഗ പാതയില്‍ നിന്നാരംഭിച്ച്, ജമാല്‍ അബ്ദു നാസ്സര്‍ റോഡിനു അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന വിധത്തിലാണ് പ്രധാന പാലം. ഇതിന് 37.5 കിലോമീറ്ററും ദോഹ തുറമുഖത്തേക്കുള്ള അനുബന്ധ പാലത്തിനു 12.4 കിലോമീറ്റര്‍ നീളവുമാണുള്ളത്. 

ലോകത്തെ കടല്‍ പാലങ്ങളില്‍ നാലാമത്തെ വലിയ കടല്‍ പാലമായി മാറുന്ന ഷെയ്ഖ് ജാബിര്‍ പാലത്തിന്റെ നിര്‍മാണത്തിന് 7,38,750 ദശ ലക്ഷം ദിനാര്‍ ആണ് ചെലവായത്. പാലം കടന്നു പോകുന്ന ഇരുവശങ്ങളിലും നിരവധി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളും ഓഫീസുകളും അനുബന്ധമായി നിര്‍മ്മിക്കും. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രമായി മാറുന്ന സില്‍ക് സിറ്റി പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആയിരകണക്കിന് തൊഴില്‍ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കരയിലും കടലിലുമായി കടന്നു പോകുന്ന പാലത്തിനു ഏറ്റവും ആധുനികമായ നിരീക്ഷണ ക്യാമറ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിലുള്ള 800 ലേറെ ഫിക്‌സഡ് ക്യാമെറകള്‍ക് പുറമെ 25 ചലിക്കുന്ന ക്യാമെറകളും നിരീക്ഷണത്തിനുണ്ടാകുമെന്ന് പൊതുമരാമത്തു മന്ത്രാലയം അറിയിച്ചു.