അബുദാബി: യുഎഇ മീഡിയ ഓഫീസ് രൂപീകരിച്ചുകൊണ്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ഉത്തരവ്. മാധ്യമ രംഗവുമായി ബന്ധപ്പെട്ട നയരൂപീകരണവും നിയമനിര്‍മാണവും അടക്കമുള്ള കാര്യങ്ങള്‍ക്കായാണ് പുതിയ സംവിധാനമൊരുങ്ങുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

യുഎഇയിലെ ആസ്ഥാനത്തിന് പുറമെ, ക്യാബിനറ്റ് അഫയേഴ്‍സ് മന്ത്രിയുടെ അനുമതിയോടെ രാജ്യത്തിനകത്തും പുറത്തും ശാഖകള്‍ തുറക്കാനും മീഡിയ ഓഫീസിന് അനുമതിയുണ്ട്. രാജ്യത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയങ്ങള്‍, മീഡിയാ രംഗവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം, ഭേദഗതി, മീഡിയാ രംഗത്തെ ഏകോപനവും ഏകീകരണവും തുടങ്ങിയവയൊക്കെ പുതിയ ഓഫീസിന്റെ ചുമതലയാണ്. പ്രാദേശിക, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ രാജ്യത്തെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നതും മീഡിയാ ഓഫീസായിരിക്കും.  അന്താരാഷ്ട്ര മാധ്യമങ്ങളുമായും മാധ്യമ സ്ഥാപനങ്ങളുമായുമുള്ള ബന്ധം, മാധ്യമ രംഗത്തുണ്ടാകുന്ന പ്രതിസന്ധികളുടെ പരിഹാരം കാണല്‍ തുടങ്ങിയവയും മീഡിയാ ഓഫീസിന്റെ ചുമതലകളാണ്.