രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും താല്‍പ്പര്യങ്ങളും സ്വത്തുക്കളും രാജ്യത്തിന്റെ അതിരുകളും സംരക്ഷിച്ച് അമീറിനോട് വിശ്വസ്ത പുലര്‍ത്തുമെന്നും സര്‍വ്വശക്തനായ ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശൈഖ് മിശ്അല്‍ അല്‍ സബാഹ് ചുമതലയേറ്റു.
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പാര്‍ലമെന്റില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുവൈത്ത് കിരീടാവകാശി പാര്‍ലമെന്റിനെ അഭിവാദ്യം ചെയ്തു.
പാര്‍ലമെന്റില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മന്ത്രിമാരും എംപിമാരും പങ്കെടുത്തു. രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും താല്‍പ്പര്യങ്ങളും സ്വത്തുക്കളും രാജ്യത്തിന്റെ അതിരുകളും സംരക്ഷിച്ച് അമീറിനോട് വിശ്വസ്ത പുലര്‍ത്തുമെന്നും സര്‍വ്വശക്തനായ ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശൈഖ് മിശ്അല്‍ അല്‍ സബാഹ് ചുമതലയേറ്റു.
ഇപ്പോഴത്തെ അമീറിന്‍റെ അര്‍ധ സഹോദരനും കുവൈത്തിലെ പത്താമത്തെ അമീറായിരുന്ന ശൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മകനുമാണ്. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹാണ് കിരീടാവകാശിയായി ശൈഖ് മിശ്അലിനെ നാമനിര്‍ദ്ദേശം ചെയ്തത്. 2004 ഏപ്രില്‍ 13ന് മിനിസ്റ്റര്‍ പദവിയോടെ അദ്ദേഹം നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫായി നിയമിതനായി. 1967-1980 കാലഘട്ടത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
