അബുദാബി: ഹസ്തദാനം ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ട കുഞ്ഞ് അയിഷയെ സമാധാനിപ്പിക്കാന്‍ ഒടുവില്‍ ഭരണാധികാരി നേരിട്ട് വീട്ടിലെത്തി.  അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ദേശീയ ദിനത്തില്‍ ആയിഷ മുഹമ്മദ് മുശൈത്ത് അല്‍ മസ്‍റൂഇ എന്ന പെണ്‍കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ശൈഖ് മുഹമ്മദിന് ഹസ്തദാനം ചെയ്യാന്‍ കാത്തിരുന്നെങ്കിലും അവസാന നിമിഷം അതിന് സാധിക്കാതിരുന്ന ആയിഷയുടെ സങ്കടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞയാഴ്ച യുഎഇ സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം. മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിക്കുന്നതിനായി സ്വദേശി ബാലികമാര്‍ നിരന്നു നില്‍ക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കി ഇരുവരും മുന്നോട്ട് നടന്നുവരുന്നതിനിടെ ആയിഷയുടെ അടുത്തെത്തിയപ്പോള്‍ ശൈഖ് മുഹമ്മദിന്റെ ശ്രദ്ധ മറുവശത്തേക്ക് മാറി. ഹസ്തദാനം ചെയ്യാനായി ആയിഷ കൈ നീട്ടിയെങ്കിലും ഭരണാധികാരി അത് കണ്ടില്ല.

സ്വീകരണ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ആയിഷയുടെ സങ്കടമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പെട്ട ശൈഖ് മുഹമ്മദ് ദേശീയ ദിനത്തില്‍ ആയിഷയുടെ വീട്ടില്‍ നേരിട്ടെത്തി. അയിഷയുടെ നെറ്റിയില്‍ സ്നേഹ ചുംബനം നല്‍കിയ അദ്ദേഹം ആയിഷയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വീറ്റ് ചെയ്തു.

ആയിഷയ്ക്കും കുടുംബത്തിനുമൊപ്പമുള്ള നിരവധി ചിത്രങ്ങളും ശൈഖ് മുഹമ്മദ് പങ്കുവെച്ചു. ശൈഖ് മുഹമ്മദ് അയിഷയെ സന്ദര്‍ശിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭരണാധികാരികള്‍ ജനങ്ങളുടെ വികാരങ്ങളെ ഇത്രയധികം മാനിക്കുന്നതുകൊണ്ടാണ് യുഎഇയിലെ ജനങ്ങള്‍ ആ സ്നേഹം ഇരട്ടിയായി തിരികെ നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.