അബുദാബി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി യുഎഇ പൗരന്മാര്‍ക്കുവേണ്ടി ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. 

അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് യുഎഇ ക്യാബിനറ്റ് തീരുമാനിച്ചത്. സ്വദേശി യുവാക്കളുടെ തൊഴില്‍ പരിശീലനത്തിനായി 30 കോടി റിയാലിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായും ശൈഖ് മുഹമ്മദ് അറിയിച്ചു. എന്നാല്‍ സ്വദേശിവത്കരണത്തിന് നല്‍കുന്ന പിന്തുണ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ധരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന് തടസമാകില്ലെന്നും അദ്ദേഹം പറയുന്നു. തുറന്ന സമീപനമുള്ള രാജ്യമായി യുഎഇ തുടരും. തൊഴില്‍ വിപണയില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ മേഖലയെ നിയമപരമായും സാമ്പത്തികമായും സഹായിക്കുമെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം ശൈഖ് മുഹമ്മദ് അറിയിച്ചു.

സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ജോലി ചെയ്യുന്നവരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഏകീകരിക്കുന്നതിനായുള്ള നിയമഭേദഗതിക്കും യുഎഇ ക്യാബിനറ്റ് ഞായറാഴ്ച അംഗീകാരം നല്‍കിയിട്ടുണ്ട്. നിശ്ചയിച്ചുനല്‍കുന്ന സ്വദേശിവത്കരണ തോത് യഥാസമയത്ത് പാലിക്കാത്ത വകുപ്പുകള്‍ സര്‍ക്കാറിന്റെ സ്വദേശിവത്കരണ ശ്രമങ്ങളില്‍ സാമ്പത്തികമായി സഹകരിക്കും. അതേസമയം സ്വദേശിവത്കരണ നിരക്ക് പാലിക്കുന്ന വകുപ്പുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും യുഎഇ വൈസ് പ്രസിഡന്റ് അറിയിച്ചു.