ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ പുതിയ പുസ്തകമായ 'ദി മെസ്സേജസി'ലൂടെ പ്രിയ പത്നി ശൈഖാ ഹിന്ദിന് ആദരമർപ്പിച്ചു. 47 വർഷത്തെ ദാമ്പത്യത്തെക്കുറിച്ചും, മക്കളെ വളർത്തുന്നതിൽ അവർ വഹിച്ച പങ്കിനെക്കുറിച്ചും, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പുസ്തകത്തിൽ മനസ്സ് തുറക്കുന്നു.

ദുബായ്: തന്‍റെ ജീവിതയാത്രയിലെ നിഴലും വെളിച്ചവുമായ പ്രിയ പത്നി ശൈഖാ ഹിന്ദ് ബിൻത് മക്തും ബിൻ ജുമ അൽ മക്തൂമിന് ആദരമർപ്പിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കുറിപ്പ്. തന്‍റെ പുതിയ പുസ്തകമായ 'ദി മെസ്സേജസ്'ലൂടെയാണ് 47 വർഷത്തെ ദാമ്പത്യത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദ് മനസ്സ് തുറന്നത്.

‘എന്‍റെ ജീവിതയാത്രയിലെ പങ്കാളി, എന്‍റെ വീടിന്റെയും ജീവിതത്തിന്റെയും തൂണ്, ശൈഖുമാരുടെ മാതാവ്... എന്‍റെ ഏറ്റവും വലിയ നേട്ടവും മനോഹരമായ ഓർമ്മകളും മധുരമുള്ള നിമിഷങ്ങളും നിങ്ങളാണ്. എന്റെ പങ്കാളി, എന്‍റെ സ്വപ്നങ്ങളിലെ കൂട്ടുകാരി, എന്റെ വീടും അഭയവും ജന്മനാടും ഹിന്ദ് തന്നെയാണ്’ — ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു.

കരുണയും വിനയവും നിറഞ്ഞവരായി മക്കളെ വളർത്തിയെടുക്കുന്നതിൽ ശൈഖാ ഹിന്ദ് വഹിച്ച പങ്ക് വലുതാണെന്ന് ശൈഖ് മുഹമ്മദ് ഓർമ്മിച്ചു. 'നമ്മുടെ മക്കളുടെ എളിമയിൽ നിങ്ങളുടെ വാക്കുകളുടെ പതിപ്പുണ്ട്, അവരുടെ കരുണയിൽ നിങ്ങളുടെ ഹൃദയമുണ്ട്, രാജ്യത്തോടുള്ള അവരുടെ വിശ്വസ്തതയിൽ നിങ്ങളുടെ സ്നേഹമുണ്ട്'- അദ്ദേഹം കുറിച്ചു. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലാണ് ശൈഖാ ഹിന്ദ് സന്തോഷം കണ്ടെത്തിയിരുന്നത്. അനാഥരുടെ അമ്മയായി 47 വർഷം നീണ്ട ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ മുഴുകിയതായും അദ്ദേഹം ഓർത്തെടുത്തു.

ഒരു കുടുംബത്തിന്റെ അടിത്തറയും സന്തുലിതാവസ്ഥയും നിലനിർത്തുന്നത് സ്ത്രീയാണെന്ന് തങ്ങളുടെ ജീവിതം പഠിപ്പിച്ചതായി ദുബായ് ഭരണാധികാരി വ്യക്തമാക്കി. നാം നിർമ്മിച്ച ഭൗതിക ഘടനകളല്ല, മറിച്ച് മക്കളുടെയും ജനങ്ങളുടെയും ഹൃദയങ്ങളിൽ നാം ഉണ്ടാക്കിയ സ്നേഹവും മൂല്യങ്ങളുമാണ് യഥാർത്ഥ പാരമ്പര്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. തങ്ങളുടെ കൊച്ചുമക്കൾക്ക് പൂർവ്വികരുടെ ചരിത്രവും രാജ്യത്തോടുള്ള ഉത്തരവാദിത്തവും പകർന്നു നൽകാൻ അദ്ദേഹം ശൈഖാ ഹിന്ദിനോട് അഭ്യർത്ഥിച്ചു. ഒരു മനുഷ്യന്റെ ജീവിതം അളക്കേണ്ടത് വർഷങ്ങൾ കൊണ്ടല്ല, അവർ കൈവരിച്ച നേട്ടങ്ങളും തൊട്ടറിഞ്ഞ ഹൃദയങ്ങളും കൊണ്ടാണെന്ന് കൊച്ചുമക്കളെ പഠിപ്പിക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു.