ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ചാര്‍ട്ടേഡ് വിമാനമൊരുക്കി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജീവനക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോകാനാണ് എമിറേറ്റ്‍സ് എയര്‍ലൈന്‍ലിന്റെ പ്രത്യേക വിമാനം ശൈഖ് മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം സജ്ജമാക്കിയത്.

സായിദ് വര്‍ഷാചരണത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ എമിറേറ്റ്സിന്റെ ഇ.കെ 2819 വിമാനത്തില്‍ 428 യാത്രക്കാരാണ് മക്കയിലേക്ക് പോയത്. വ്യാഴാഴാച കിങ് അബ‍്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങിയ ഇവര്‍ ഉംറ കര്‍മ്മം പൂര്‍ത്തിയാക്കി 29ന് ദുബായില്‍ തിരിച്ചെത്തും. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കാന്‍ കഴിഞ്ഞതില്‍  അഭിമാനമുണ്ടെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസി‍ഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് സിഇഒയുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. 'സായിദ് വര്‍ഷാചരണം' പൂര്‍ത്തിയാക്കി 'സഹിഷ്ണുതയുടെ വര്‍ഷ'ത്തിലേക്ക് കടക്കാനുള്ള ഏറ്റവും നല്ല വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു. 2018 രാഷ്ട്രപിതാവിന്റെ ശൈഖ് സായിദിന്റെ വര്‍ഷമായി യുഎഇ ആചരിച്ചിരുന്നു. അടുത്ത വര്‍ഷം 'സഹിഷ്ണുതയുടെ വര്‍ഷ'മായിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.