യുഎഇ: സ്കൂളിലെ പ്രവേശന കവാടത്തില്‍ നിന്ന് രാവിലെ കുട്ടികളെ കുശലം പറഞ്ഞ് ആശ്ലേഷിച്ച് സ്വീകരിക്കുന്ന ഒരു അധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാരാണെന്നാണ് എല്ലാവരും അന്വേഷിച്ചത്. ഈ അധ്യാപികയെക്കുറിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷ്ദ് അൽ മക്തും അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണത്തിനുള്ള മറുപടിയുമായി അദ്ദേഹത്തിന്റെ ഫോളേവേഴ്സ് തന്നെ എത്തിയിരിക്കുകയാണ്. അദ്ദേഹം അന്വേഷിച്ച, നന്മനിറഞ്ഞ ആ അധ്യാപിക ഇവിടെയുണ്ട്– അൽഐൻ അൽ ആലിയ സ്കൂളിലെ കൗൺസിലർ ഷെയ്ഖ അൽ നുഐമി. വിദ്യാർഥികളുടെ പ്രിയപ്പെട്ട മാമ ഷെയ്ഖയാണ് ഈ അധ്യാപിക. 

"

വിദ്യാർഥികളെ സ്നേഹത്തോടെ സ്വീകരിക്കുന്ന അധ്യാപികയുടെ നല്ല മനസിനെ പ്രകീർത്തിച്ചു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ആരോ അയച്ചു നൽകിയ വിഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. ‘കുഞ്ഞുമക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച്, ആശ്ലേഷിച്ച്, കുശലം പറഞ്ഞ് സ്വീകരിക്കുന്ന ഈ അധ്യാപിക ഏതു സ്കൂളിലെയാണ്’ എന്ന അന്വേഷണമാണ് ശൈഖ് മുഹമ്മദ് നടത്തിയത്. 

ചിരിക്കാത്ത കുട്ടികളോട് ചിരിക്കാൻ പറയുന്നതും ഒരു കൊച്ചു പെൺകുട്ടി മൈലാഞ്ചിയണിഞ്ഞ കൈകൾ കാണിക്കുമ്പോൾ സന്തോഷത്തോടെ ആശ്ളേഷിക്കുന്നതായും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ചില കുഞ്ഞുങ്ങൾ ഓടിവന്ന് അധ്യാപികയെ കെട്ടിപ്പിടിക്കുന്നതും കാണാം. ഇത്തരത്തിൽ മനോഹരമായ അഭിവാദ്യവുമായി വരവേൽക്കുന്ന അധ്യാപകർ നിങ്ങൾക്കുണ്ടാകുമ്പോൾ നിങ്ങളുടെ സ്കൂൾ ആരംഭം സന്തോഷകരവും നന്മനിറഞ്ഞതുമാകുന്നു എന്നാണ് ശൈഖ് മുഹമ്മദ് വിഡിയോ പങ്കുവച്ചു ട്വീറ്റു ചെയ്തിരുന്നത്. 

എല്ലാവരോടും എപ്പോഴും ദയയോടും സ്നേഹത്തോടും മാത്രം പെരുമാറാറുള്ള ഷെയ്ഖ അൽ നുഐമിയെ തങ്ങൾ മാമ ഷെയ്ഖ എന്നാണ് വിളിച്ചിരുന്നതെന്ന് ട്വിറ്റർ ഫോളോവറായ ഒരു വിദ്യാർഥിനി പറഞ്ഞു. മുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ചും വിദ്യാർത്ഥിനി ട്വിറ്ററിൽ പങ്കുവയ്ക്കുന്നുണ്ട്. ഒരിക്കൽ ഞങ്ങൾ സ്കൂളിൽ നിന്ന് അൽ ഹിലി പാർക്കിലേയ്ക്ക് വിനോദ യാത്ര പോയി. എന്നാൽ അവിടെയെത്തി പ്രവേശന ഫീസ് നൽകാനായി തുനിഞ്ഞപ്പോഴാണ് പഴ്സ് എടുക്കാൻ മറന്നുപോയ കാര്യം ഞാനോർത്തത്. വീട്ടിലേയ്ക്ക് തിരിച്ചുപോകാനൊരുങ്ങിയ എന്ന മാമ ഷെയ്ഖ തടഞ്ഞു. നിർബന്ധപൂർവം അവർ പണം നൽകി. എന്നു മാത്രമല്ല, മറ്റു കുട്ടികൾക്ക് ഭക്ഷണം വാങ്ങിക്കാനുള്ള പണവും എന്നെ ഏൽപിച്ചു. തനിക്ക് ഷെയ്ഖ അൽ നുഐമി അമ്മയെ പോലെയാണെന്നാണ് മറ്റൊരു വിദ്യാർഥി പ്രതികരിച്ചത്. 

തന്നക്കുറിച്ചുള്ള വിഡിയോ വൈറലായതറിഞ്ഞ ഷെയ്ഖ അൽ നുഐമി എല്ലാവർക്കും നന്ദി അറിയിച്ചു. വിഡിയോ എല്ലാവർക്കും ഇഷ്ടമായതിൽ ആത്മാർഥമായ നന്ദി. ഈ അഭിനന്ദനം എനിക്കെന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും പുതിയ തലമുറയെ നല്ലവരായി വാർത്തെടുക്കാനും പ്രചോദനം നൽകുമെന്നും അവർ പറഞ്ഞു.