Asianet News MalayalamAsianet News Malayalam

പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചു; കാത്തിരുന്ന അതിഥിയെക്കണ്ട് ഞെട്ടി എട്ടാം ക്ലാസുകാരന്‍

കല്‍ബയിലെ അല്‍ ഖുദ്‍വ സ്കൂളിലെ ഓഫീസില്‍ വെച്ച് ശൈഖ് മുഹമ്മദ് വിദ്യാര്‍ത്ഥിയെ ആലിംഗനം ചെയ്തു. തനിക്കൊപ്പം അവനെ പിടിച്ചിരുത്തി കുശലം ചോദിച്ചു. വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശൈഖ് മുഹമ്മദ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. 

Sheikh Mohammed meets UAE student rescued in bus fire
Author
Kalba - United Arab Emirates, First Published Sep 4, 2019, 11:15 PM IST

ഷാര്‍ജ: കല്‍ബയിലെ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഖലീഫ അബ്‍ദുല്ല അല്‍ കാബി പതിവുപോലെ ഇന്നും ക്ലാസിലിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അവനെ വിളിപ്പിച്ചത്. അവിടെയെത്തിയപ്പോഴാകട്ടെ കാത്തിരുന്നത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞദിവസമുണ്ടായ ഒരു അപകടത്തില്‍ നിന്ന് തന്റെ സഹപാഠികളുടെ ജീവന്‍ രക്ഷിച്ച ഖലീഫയുടെ ധീരതയറിഞ്ഞ് അവനെ നേരിട്ട് അഭിനന്ദിക്കാനെത്തിയതായിരുന്നു ഭരണാധികാരി.

കല്‍ബയിലെ അല്‍ ഖുദ്‍വ സ്കൂളിലെ ഓഫീസില്‍ വെച്ച് ശൈഖ് മുഹമ്മദ് വിദ്യാര്‍ത്ഥിയെ ആലിംഗനം ചെയ്തു. തനിക്കൊപ്പം അവനെ പിടിച്ചിരുത്തി കുശലം ചോദിച്ചു. വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശൈഖ് മുഹമ്മദ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കാര്യങ്ങള്‍ പരിശോധിക്കാനെത്തിയ താന്‍ ഒരു ഹീറോയെ സന്ദര്‍ശിച്ചുവെന്നായിരുന്നു ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. തന്റെ തലമുറയ്ക്ക് തന്നെ അഭിമാനമാണവന്‍. സ്കൂള്‍ ബസിന് തീപിടിച്ചപ്പോള്‍ അവന്റെ ധീരപ്രവൃത്തിയാണ് സഹപാഠികള്‍ക്ക് രക്ഷയായത് - ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
 

ചൊവ്വാഴ്ച രാവിലെയാണ് ഷാര്‍ജയിലെ കല്‍ബയില്‍ സ്കൂള്‍ ബസിന് തീപിടിച്ചത്. വില്ലകള്‍ക്ക് സമീപത്ത് വെച്ച് തീപിടിച്ച ബസ്, മിനിറ്റുകള്‍ കൊണ്ട് കത്തിയമരുകയായിരുന്നു. എന്നാല്‍ ബസിലെ ജീവനക്കാര്‍ക്കോ കുട്ടികള്‍ക്കോ പരിക്കുകളൊന്നുമുണ്ടായില്ല. ഡ്രൈവറുടെ ധീരതയാണ് കുട്ടികള്‍ക്ക് രക്ഷയായതെന്ന് ആദ്യം അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പുകളില്‍ വ്യക്തമാക്കിയിരുന്നെങ്കിലും യഥാര്‍ത്ഥ ഹീറോ ഒരു 14 വയസുകാരനായിരുന്നെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്. 

ബസിന്റെ താഴെനിന്ന് അസാധാരണമായ തരത്തില്‍ ചൂടും ചെറിയ പുകയും പുറത്തുവരുന്നുണ്ടെന്നത് ശ്രദ്ധയില്‍പെട്ട ഖലീഫ, ഡ്രൈവറോട് ഇക്കാര്യം പറഞ്ഞു. എന്നാല്‍ പരിശോധിച്ചശേഷം പ്രശ്നമൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സെക്കന്റുകള്‍ക്കകം എഞ്ചിന് തീപിടിച്ചു. ബസ് നിര്‍ത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട ശേഷം സഹപാഠികളെയെല്ലാം ഖലീഫ ഉടനടി പുറത്തിറക്കി. ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ വാങ്ങി, പൊലീസിനെ അറിയിച്ചതും അവന്‍ തന്നെയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേന മിനിറ്റുകള്‍കൊണ്ട് തീയണച്ചു. മറ്റിടങ്ങളിലേക്ക് തീപടരാതിരിക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു.

 

ബസില്‍ കുറച്ച് കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇവരെ പിന്നീട് മറ്റൊരു വാഹനത്തില്‍ സ്കൂളിലേക്ക് കൊണ്ടുപോയെന്നും അധികൃതര്‍ അറിയിച്ചു. ഖലീഫയുടെ ധീരപ്രവൃത്തിയറിഞ്ഞ് പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിക്കാനെത്തിയതോടെ ഹീറോയായിരിക്കുകയാണ് അവന്‍. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം സ്കൂള്‍ അധികൃതരെയും ഞെട്ടിച്ചു.

Follow Us:
Download App:
  • android
  • ios