തന്റെ അമ്മ, ശൈഖ ലതീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി തനിക്കുണ്ടായിരുന്ന അടുപ്പവും സ്‍നേഹവും അദ്ദേഹം വിവരിക്കുന്നുണ്ട്. 

ദുബൈ: അമ്മയുമായുള്ള തന്റെ അടുപ്പവും ആദരവും പങ്കുവെച്ചും ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ആശംസകളറിയിച്ചും ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മാര്‍ച്ച് 21ന് മാതൃദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വിറ്ററിലൂടെ ഹൃദയ സ്‍പര്‍ശിയായ വീഡിയോ പങ്കുവെച്ചത്.

തന്റെ അമ്മ, ശൈഖ ലതീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി തനിക്കുണ്ടായിരുന്ന അടുപ്പവും സ്‍നേഹവും അദ്ദേഹം വിവരിക്കുന്നുണ്ട്. 'എല്ലാ അമ്മമാര്‍ക്കും... നിങ്ങളെപ്പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്റെ ഉറവിടം... നിങ്ങളാണ് ജീവിതം. നിങ്ങള്‍ ഈ പ്രപഞ്ചത്തില്‍ സ്ഥാപിച്ച സ്‍നേഹവും കരുണയും വിവരിക്കാന്‍ നമ്മുടെ വാക്കുകള്‍ക്കാവില്ല. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ' - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

തന്റെ മാതാവ് ശൈഖ ലതീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു താനെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. അമ്മയുടേത് പോലുള്ളൊരു സ്‍നേഹം ഞാന്‍ ഒരിക്കലും പിന്നെ അനുഭവിച്ചിട്ടില്ല. അവരുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ആളുകള്‍ അമ്മയെ കാണാന്‍ വരുമായിരുന്നു. സ്‍നേഹം നിറഞ്ഞ ഉറച്ച വ്യക്തിത്വത്തിനുടമയായിരുന്നു അവര്‍. പരിചയമുള്ളവരൊക്കെ അമ്മയെ സ്‍നേഹിച്ചിരുന്നു. അവരെപ്പോലെ മറ്റാരുമില്ല' - വീഡിയോയില്‍ ശൈഖ് മുഹമ്മദ് പറയുന്നു.

തനിക്ക് അമ്മയുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും അമ്മ മരണപ്പെട്ട സമയത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ചും ശൈഖ് മുഹമ്മദ് തന്റെ ആത്മകഥയായ 'ഖ്വിസ്സത്തീ'യില്‍ വിശദമായി വിവരിച്ചിട്ടുമുണ്ട്. 1983ലാണ് ശൈഖ ലതീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നിര്യാതയായത്. ജീവിത സഖിയേയും സുഹൃത്തിനെയുമാണ് തന്റെ പിതാവിനും അന്ന് നഷ്ടമായതെന്ന് ശൈഖ് മുഹമ്മദ് ആത്മകഥയില്‍ ഓര്‍മിക്കുന്നു.

Scroll to load tweet…