ദുബായ്: യുഎഇ വൈസ് പ്രസിഡന്റും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാനാണ് വരന്‍.

ശൈഖ മറിയത്തിന്റെ സഹോദരങ്ങളും മറ്റ് രാജകുടുംബാംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നവദമ്പതികള്‍ക്ക് ആശംസകളറിയിച്ചു. വ്യാഴാഴ്ചയാണ് ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മങ്ങളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും നടന്നത്. ശൈഖ മറിയത്തിന്റെ സഹോദരി ശൈഖ ലതീഫ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ചു.

യുഎഇ സ്വദേശികളുടെ പരമ്പരാഗത രീതിയനുസരിച്ച് വിവാഹ നിശ്ചയത്തിന് ശേഷം 'അഖ്‍ദ്' എന്ന ചടങ്ങാണ് ആദ്യം നടക്കുക. ഇമാമിന്റെയോ ശൈഖിന്റെയോ സാന്നിദ്ധ്യത്തിലോ കോടതിയിലോ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ കര്‍മങ്ങളും വിവാഹ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കലുമാണിത്. ഇസ്ലാമികമായും നിയമപരമായും ഇതോടെ വിവാഹം സാധുവായി മാറും. എന്നാല്‍ പിന്നീട് നടക്കുന്ന വിവാഹ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ ചടങ്ങിന് ശേഷമേ വധു വരന്റെ വീട്ടിലേക്ക് പോവുകയുള്ളൂ.