മിഡിൽ ഈസ്റ്റിലെ ഒന്നാം നമ്പർ സാംസ്കാരിക കേന്ദ്രമെന്ന പദവിയും ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് നിലനിർത്തി.

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച 25 ലാൻഡ്മാർക്കുകളിൽ എട്ടാം സ്ഥാനത്തെത്തി അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്. ട്രിപ്പ് അഡ്വൈസറിന്‍റെ 2025ലെ ആഗോള റിപ്പോർട്ടിലാണ് ഈ നേട്ടം. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നിന്ന് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് ഈ നേട്ടം കൈവരിച്ചത്.

മിഡിൽ ഈസ്റ്റിലെ ഒന്നാം നമ്പർ സാംസ്കാരിക കേന്ദ്രമെന്ന പദവിയും ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് നിലനിർത്തി. ലോകമെമ്പാടുമുള്ള എട്ട് ദശലക്ഷത്തിലധികം ലാൻഡ്മാർക്കുകളിൽ നിന്നുള്ള സഞ്ചാരികളുടെ അഭിപ്രായങ്ങളും റേറ്റിംഗുകളും വിലയിരുത്തിയാണ് ട്രിപ്പ്അഡ്വൈസർ ഈ പട്ടിക തയ്യാറാക്കിയത്.

ലോകമെമ്പാടുമുള്ള ആകർഷണങ്ങളിൽ ആദ്യ ഒരു ശതമാനത്തിൽ ഇടം നേടിയ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, യുഎഇയുടെ സാംസ്കാരിക, വാസ്തുവിദ്യാ മികവിന്‍റെ പ്രതീകമായി മാറി. വെളുത്ത മിനാരങ്ങളും, കുളങ്ങളും, സങ്കീർണ്ണമായ ഇസ്ലാമിക് കലാവിരുതും ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. കാഴ്ചയിലെ സൗന്ദര്യത്തിന് പുറമേ, അതിന്‍റെ ശാന്തവും ആത്മീയവുമായ അന്തരീക്ഷവും ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ വേറിട്ടുനിർത്തുന്നു.

ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദർശകരിൽ 82 ശതമാനവും വിദേശികളാണ്. ഇവര്‍ക്ക് ലഭിക്കുന്ന ആതിഥ്യ മര്യാദയും ഏറ്റവും മികച്ച സൗകര്യങ്ങളുമാണ്​ മസ്ജിദിനെ ആഗോള തലത്തില്‍ ആകര്‍ഷണീയ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്നാണ്​ വിലയിരുത്തൽ. മസ്ജിദ്​ സന്ദർശകർക്ക്​ നല്‍കുന്ന മള്‍ട്ടിമീഡിയ ഉപകരണത്തില്‍ 14 അന്താരാഷ്ട്ര ഭാഷകളിൽ പോഡ്​കാസ്റ്റ്​ ലഭ്യമാണ്.​