ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ. ഈ ഉൽപ്പന്നങ്ങളിൽ അജ്ഞാത ഉറവിടത്തിൽ നിന്നുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ലാത്തതിനാൽ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ചു. വിവിധ ഗവർണറേറ്റുകളിൽ പരിശോധനാ സംഘങ്ങൾ ശക്തമായ ക്യാമ്പയിനുകൾ തുടരുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി. ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങൾ വിപണി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പരിശോധന.
സമീപ ദിവസങ്ങളിൽ ഫർവാനിയ ഗവർണറേറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾ ഫലം കണ്ടതായി അൽ അൻസാരി വ്യക്തമാക്കി. ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ ഒരു കട പൂട്ടിയതാണ് പ്രധാന നടപടി. ഈ ഉൽപ്പന്നങ്ങളിൽ അജ്ഞാത ഉറവിടത്തിൽ നിന്നുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ലാത്തതിനാൽ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. കട ഉടൻ പൂട്ടാൻ തീരുമാനിക്കുകയും കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കൂടാതെ, കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഉപഭോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചതോടെ ഒരു ഫർണിച്ചർ സ്റ്റോറും അടച്ചുപൂട്ടിയതായി അദ്ദേഹം സ്ഥിരീകരിച്ചു.


