ദുബായ്: യുഎഇയിലെ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരില്‍, സ്കൂളില്‍ പോകുന്ന കുട്ടികളുള്ളവര്‍ക്ക് ജോലി സമയത്ത് ഇളവ് അനുവദിക്കും. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ആദ്യത്തെ ഒരാഴ്ച മൂന്ന് മണിക്കൂര്‍ വരെയാണ് ഇളവ് ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സ‍സ് അറിയിച്ചു. 

കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ഓഫീസുകളില്‍ വൈകിയെത്താം. അതുപോലെതന്നെ സ്കൂള്‍ സമയം അവസാനിക്കുമ്പോള്‍ കുട്ടികളെ വിളിച്ചുകൊണ്ടുവരാനായി ഓഫീസുകളില്‍ നിന്ന് നേരത്തെ ഇറങ്ങാനുമാവും. മക്കളുടെ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് കൈക്കൊണ്ട തീരുമാനത്തെ ഭാഗമായാണ് ഇപ്പോഴത്തെ അറിയിപ്പ്. കുട്ടികളുടെ സ്കൂളുകളിലെ അധ്യാപക-രക്ഷാകര്‍തൃ യോഗങ്ങളിലോ ഗ്രാജുവേഷന്‍ ചടങ്ങുകളിലോ പങ്കെടുക്കാനായി ഓഫീസുകളില്‍ വൈകിയെത്താനും നേരത്തെ ഇറങ്ങാനും ജീവനക്കാര്‍ക്ക് അനുമതി തേടാനാവും. രാജ്യത്ത് സന്തോഷം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ദേശീയ പദ്ധതിയുടെ ശുപാര്‍ശപ്രകാരമാണ് മന്ത്രിസഭ തീരുമാനമെടുത്തത്.