Asianet News MalayalamAsianet News Malayalam

ആറ് ഘട്ടങ്ങളിലായി 11 മണിക്കൂര്‍ ശസ്ത്രക്രിയ; ഇറാഖി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി

വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിൽ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്.

Siamese twins separated after 11 hour longing surgery in six phases in Riyadh
Author
First Published Jan 15, 2023, 2:21 PM IST

റിയാദ്: സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് റിയാദിലെത്തിച്ച ഇറാഖി സയാമീസ് ഇരട്ടകളായ ഉമർ, അലി എന്നീ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിൽ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്.

ഇരട്ടകൾ നെഞ്ചും വയറും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കരൾ, പിത്തസഞ്ചി, കുടൽ എന്നിവയും പരസ്പരം പങ്കിടുന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ 70 ശതമാനം വിജയ പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്. എന്നാൽ വളരെ സൂക്ഷ്മമായി വിദഗ്ധ സംഘത്തിന് ഇവരെ വിജയകരമായി വേർപ്പെടുത്താനായി. ശസ്ത്രക്രിയ ചെയ്ത് വേർപ്പെടുത്തിയ ശരീര ഭാഗങ്ങളിൽ സ്കിൻ എക്സറ്റൻഷൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ശസ്ത്രക്രിയക്കും ഇരട്ടകളെ വിധേയമാക്കി. പ്ലാസ്റ്റിക് സർജറി സംഘമാണ് ഇത് ചെയ്തത്. വേർപെടുത്തിയ കുട്ടികളുടെ ആരോഗ്യനില ഭദ്രമാണ്. 

ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ കൺസൾട്ടൻറുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ കേഡർമാർ എന്നിവരടക്കം 27 പേരാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇറാഖി സയാമീസുകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്. ഇറാഖിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന അഞ്ചാമത്തെ ശസ്ത്രക്രിയയാണിത്. 1990 മുതലാണ് സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതി ആരംഭിച്ചത്. ഇത്തരത്തില്‍ നടന്ന 54-ാമത്തെ ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം നടന്നത്.
 

Follow Us:
Download App:
  • android
  • ios