Asianet News MalayalamAsianet News Malayalam

പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ ‘ഏകജാലക സംവിധാനം’ ഉടനെന്ന് മന്ത്രി കെ രാജൻ

നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഐക്യകേരളം രൂപപ്പെടുത്തിയതെങ്കിൽ, ഐക്യകേരളം പുതുക്കി പണിതത് പ്രവാസികളാണന്ന് മന്ത്രി പറഞ്ഞു. 

Single window system for addressing issues related to expatriates in Kerala says minister K Rajan
Author
First Published Jan 30, 2023, 5:32 PM IST

റിയാദ്: പ്രവാസികളുടെ പരാതികളും ആവശ്യങ്ങളും പരിഹരിക്കുന്നതിനൊപ്പം നിക്ഷേപ സാധ്യതകൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നതിനും ഏകജാലക സംവിധാനം സർക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. വൈകാതെ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം ദമ്മാമിൽ മാധ്യമങ്ങളോട് പറഞ്ഞു. നവയുഗം സാംസ്കാരിക വേദി ഏർപ്പെടുത്തിയ സഫിയ അജിത് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ അദ്ദേഹം ദമ്മാം ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു.

ചില പ്രവാസി സംരംഭകർ ആത്മഹത്യ ചെയ്‍തത് ഉൾപ്പടെയുള്ള പ്രശ്നങ്ങളുണ്ടായി. പ്രവാസി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ചുവപ്പു നാടയുടെ സങ്കീർണതകൾ ഇല്ലാതാക്കി വേഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, നിക്ഷേപങ്ങൾ സുരക്ഷിതമാക്കുക തുടങ്ങിയ ലക്ഷ്യവും ഏകജാലക സംവിധാനത്തിനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ റവന്യു വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന ദൗത്യമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

നാല് വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂമിയിലും ഡിജിറ്റൽ സർവേ പൂർത്തിയാക്കും. പ്രവാസികളുടെ ഭൂമികൾ അവർ ചുമതലപ്പെടുത്തുന്ന ആളിന്റെ സാന്നിധ്യത്തിൽ മാത്രമേ അളക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനം കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കും. മുഴുവൻ രേഖകളും വിരൽത്തുമ്പുകളിൽ ലഭ്യമാകുന്ന അതിപ്രധാന നിലയിലേക്ക് കേരളം മാറുകയാണ്. ഇത് ജനങ്ങളെ ബോധവത്കരിക്കുന്നതിന് കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട സാക്ഷരതാ യജ്ഞത്തിന് സമാനമായി ‘ഇ-സാക്ഷരതാ യജ്ഞ’ത്തിന് റവന്യുവകുപ്പ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിൽ കേരള വികസന ചരിത്രത്തിൽ പുതിയ വികസന രേഖ വരച്ചുചേർക്കുന്ന ഒന്നാണ്. ഇത് സർക്കാർ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതി ലഭ്യമാകുന്നതിന് മുറക്ക് കെ-റെയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നേരത്തെ തന്നെ കത്തിടപാടുകൾ നടത്തിയിരുന്നു. അനുമതി കിട്ടുമെന്ന പ്രതീക്ഷയിലുള്ള മുന്നൊരുക്കങ്ങളായിരുന്നു കല്ലിടൽ യജ്ഞമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം കൃത്യമായ നഷ്ടപരിഹാരവും പുരധിവാസ സംവിധാനങ്ങളും ഒരുക്കി മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഐക്യകേരളം രൂപപ്പെടുത്തിയതെങ്കിൽ, ഐക്യകേരളം പുതുക്കി പണിതത് പ്രവാസികളാണന്ന് മന്ത്രി പറഞ്ഞു. ആധുനിക കേരള സൃഷ്ടിയിൽ ജനാധിപത്യ സർക്കാരുകൾക്കൊപ്പം നിൽക്കാൻ പ്രവാസികൾ കാണിച്ച മനസ് പരിഗണിക്കപ്പെടേണ്ടതാണന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസിൽ ദമ്മാം മീഡിയാ ഫോറം പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ സാജിദ് ആറാട്ടുപുഴ, ഹബീബ് ഏലംകുളം എന്നിവർ ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. നവയുഗം നേതാക്കളായ വാഹിദ് കാര്യറ, ജമാൽ വില്ല്യാപ്പിള്ളി എന്നിവരും മന്ത്രിയോടൊപ്പം പങ്കെടുത്തു. സുബൈർ ഉദിനുർ സ്വാഗതവും പ്രവീൻ വല്ലത്ത് നന്ദിയും പറഞ്ഞു.

Follow Us:
Download App:
  • android
  • ios