ഇവരുടെ പക്കൽ നിന്നും 113.956 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 39.233 കിലോഗ്രാം മോർഫിനും പിടിച്ചെടുത്തുവെന്ന് റോയൽ ഒമാൻ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. 

മസ്‍കത്ത്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളിലേക്ക് മയക്കു മരുന്നുകളും ലഹരിവസ്തുക്കളും കടത്തിയ ആറ് വിദേശികളടങ്ങിയ സംഘത്തെ റോയൽ ഒമാൻ പൊലീസ് പിടികൂടി. മസ്‍കത്ത്, തെക്കൻ അൽ ശർഖിയ, തെക്കൻ അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലേക്കാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്.

മയക്കു മരുന്നുകളുടെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും കടത്ത് തടയുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷനും, കോസ്റ്റ്‌ ഗാർഡ് പോലീസ് കമാൻഡും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 113.956 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 39.233 കിലോഗ്രാം മോർഫിനും പിടിച്ചെടുത്തുവെന്ന് റോയൽ ഒമാൻ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.