വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുക, അമിത വേഗത എന്നിവയാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണമായത്.

ദുബൈ: കഴിഞ്ഞ 48 മണിക്കൂറിനിടെ ദുബൈയിലുണ്ടായ അഞ്ച് വാഹനാപകടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി ട്രാഫിക് പൊലീസ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമ സലീം ബിന്‍ സുവൈദാന്‍ അറിയിച്ചു. അപകടങ്ങളില്‍ അധികവും ഗതാഗത നിയമലംഘനങ്ങള്‍ കാരണമായി സംഭവിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുക, അമിത വേഗത എന്നിവയാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണമായത്.

അല്‍ യിലായിസ് റോഡിലായിരുന്നു ആദ്യ അപകടം. മറ്റൊരു അപകടത്തില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന കാല്‍നട യാത്രക്കാരന് മിനിവാന്‍ ഇടിച്ച് പരിക്കേറ്റു. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ല. അല്‍‌ ഖലീല്‍ റോഡില്‍ ദുബൈ വാട്ടര്‍ കനാല്‍ ബ്രിഡ്ജിലാണ് മൂന്നാമത്തെ അപകടമുണ്ടായത്. റോഡില്‍ സുരക്ഷിതമായ അകലം പാലിക്കാതിരുന്ന മോട്ടോര്‍സൈക്കിള്‍ ഡ്രൈവര്‍ മുന്നിലുണ്ടായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശൈഖ് സായിദ് റോഡില്‍ മറീന മാള്‍ എന്‍ട്രന്‍സിന് സമീപം ഒരു ട്രക്ക്, മോട്ടോര്‍ സൈക്കിളിലിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബിസിനസ് ബേ ക്രോസിങ് ബ്രിഡ്‍ജില്‍ രണ്ട് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും ഡ്രൈവര്‍മാരിലൊരാള്‍ക്ക് പരിക്കേറ്റു.