റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരണപ്പെട്ടു. പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം.  റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്. ഒരു ബാലിക മാത്രമാണ് അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപെട്ടത്. പൊലീസ് പട്രോള്‍ സംഘവും ട്രാഫിക് പൊലീസും റെഡ് ക്രസന്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേണ്ട ആറ് വയസുകാരിയെ ആശുപത്രിയിലേക്ക്  മാറ്റി.