പെരുന്നാള്‍ അവധിക്കാലത്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ഒമാനില്‍ പോയി തിരികെ വന്നവരാണ് അപകടത്തില്‍ പെട്ടവരിലധികവും. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആകസ്‍മിക വിയോഗ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ദുബായിലെയും ഒമാനിലെയും പ്രവാസികള്‍.
ദുബായ്: വ്യാഴാഴ്ച വൈകുന്നേരം ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയെന്ന് കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ഇനിയും ചില മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയപ്പെടാനുള്ളതിനാല്‍ ഇന്ത്യക്കാരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും കോണ്‍സുലേറ്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പെരുന്നാള്‍ അവധിക്കാലത്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ഒമാനില്‍ പോയി തിരികെ വന്നവരാണ് അപകടത്തില്‍ പെട്ടവരിലധികവും. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആകസ്‍മിക വിയോഗ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ദുബായിലെയും ഒമാനിലെയും പ്രവാസികള്‍.
തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, വാസുദേവന്‍, തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, എന്നിവരാണ് മരിച്ച മലയാളികള്‍. ദീപക് കുമാറിന്‍റെ ഭാര്യയും മകളുമടക്കം അഞ്ചുപേര്‍ പരിക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിയായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍ ദുബായിലെ മീഡിയ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഒമാനിലെ മലയാളി സുഹൃത്തിന്റെ ഭാര്യയും മകളും നാട്ടിലേക്ക് പോകുന്നതിനാല്‍ അവരെ സന്ദര്‍ശിക്കാനായാണ് അദ്ദേഹം ഒമാനിലേക്ക് പോയിരുന്നത്. അവധി തുടങ്ങുന്നതിന് മുന്‍പ് എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് അദ്ദേഹം പോയതെന്ന് സഹപ്രവര്‍ത്തകര്‍ വേദനയോടെ ഓര്‍ക്കുന്നു.
തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ ബന്ധു നഹിംഷാദ് ഇക്കാര്യം സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്കത്തിലുള്ള മകളെ സന്ദര്‍ശിക്കാനായാണ് ഉമ്മര്‍ മകനോടൊപ്പം അവിടേക്ക് പോയിരുന്നത്. കുടുംബം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിച്ച ശേഷം ദുബായിലേക്ക് മടങ്ങിവരുന്നതിനിടെയാണ് രണ്ട് പേരെയും വിധി കവര്‍ന്നെടുത്തത്. വര്‍ഷങ്ങളായി ഉമ്മര്‍ ദുബായില്‍ ബിസിനസ് ചെയ്തുവരികയായിരുന്നെന്ന് ബന്ധു പറഞ്ഞു.
മരിച്ച ഇന്ത്യക്കാരന്‍ വിക്രമിന്റെ വിവരം അന്വേഷിച്ച് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും റാഷിദിയ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇത്തിസാലാത്തിലായിരുന്നു വിക്രം ജോലി ചെയ്തിരുന്നത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിക്രമിന്റെ മരണവാര്‍ത്ത കേട്ട് ഭാര്യ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വിക്രമിനൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളും അത് താങ്ങാനാവാതെ തരിച്ചിരുന്നു. മൃതദേഹങ്ങളെല്ലാം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് പിന്നാലെയാണ് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകര്‍.
അതേസമയം അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് റിപ്പോര്‍ട്ടുകള്‍. റാഷിദിയ മെട്രോ സ്റ്റേഷന് സമീപത്തെ എക്സിറ്റിലാണ് അപകമുണ്ടായത്. സിഗ്നല്‍ കടന്ന് മുന്നോട്ടുപോയ വാഹനം റോഡിലെ സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഇടതുവശം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഈ ഭാഗത്തുള്ള സീറ്റുകളില്‍ ഇരുന്നവരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനത്തിന്റെ മുന്‍വശത്തുള്ള ഗ്ലാസില്‍ സൂര്യപ്രകാശം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സ്ക്രീന്‍ ഉണ്ടായിരുന്നതിനാല്‍ ഉയരത്തിലെ ബോര്‍ഡ് കണ്ടില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. വാഹനം വേഗപരിധി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രാദേശിക സമയം വൈകുന്നേരം 5.40ഓടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷന് സമീപത്തുള്ള എക്സിറ്റിലായിരുന്നു അപകടം. ട്രാഫിക് സിഗ്നല്‍ കടന്നുമുന്നിലേക്ക് വന്ന ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നേരത്തെയും ഇവിടെ അപകടങ്ങളുണ്ടായിട്ടുള്ളതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ അപകടമായിരുന്നു കഴിഞ്ഞ ദിവസത്തേത്. സംഭവം നടന്ന ഉടന്‍ തന്നെ ദുബായ് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യക്കാർക്ക് പുറമേ ഒരു ഒമാൻ സ്വദേശി, ഒരു അയർലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാൻ സ്വദേശികൾ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും നിരവധി മലയാളി സാമൂഹിക പ്രവര്‍ത്തകരും ആശുപത്രിലെത്തിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേല്‍ ജനറല്‍ വിപുല്‍ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാനെത്തിയിരുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ തുടരുന്നുണ്ട്.
അപകടത്തെ തുടർന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ബസ് സർവീസുകൾ താൽകാലികമായി നിർത്തി വെക്കുന്നതായി മുവാസലാത്ത് അധികൃതർ വ്യക്തമാക്കി. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അധികൃതരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനം.
