ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ നടുറോഡില്‍ പാകിസ്ഥാനികള്‍ തമ്മില്‍ സംഘര്‍ഷം. വടികളുപയോഗിച്ച് ചേരിതിരിഞ്ഞ് ആക്രമിക്കുന്ന പാകിസ്ഥാനികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു. 

നഗരമധ്യത്തിലെ ബാബ്ശരീഫിലാണ് പാകിസ്ഥാനികള്‍ പരസ്പരം ആക്രമിച്ചത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ വഴിപോക്കര്‍ ശ്രമിച്ചെങ്കിലും അടിപിടി തുടരുകയായിരുന്നു. സംഭവത്തിലുള്‍പ്പെട്ട ആറ് പാകിസ്ഥാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ പൊലീസ് വക്താവിനെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. 20തിനും 30തിനുമിടിയില്‍  പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് സംഘം ഏറ്റുമുട്ടിയതെന്ന് മക്ക പ്രവിശ്യാ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി പറഞ്ഞു.