കുവൈത്തിൽ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പേർ അറസ്റ്റിലായി. പ്രതികളിൽ നിന്ന് 1,700 ലിറിക്ക ഗുളികകൾ, ഹാഷിഷ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെ വലിയ അളവിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത് ശൃംഖലകളെ ലക്ഷ്യമിട്ട് സുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ മിന്നൽ പരിശോധനകളിൽ വിവിധയിടങ്ങളിൽ നിന്നായി ആറ് പ്രതികളെ പിടികൂടി. ലഹരിവസ്തുക്കൾ കൈവശം വച്ചതിനും ഇവ വിൽപന നടത്താൻ ശ്രമിച്ചതിനുമാണ് ഇവർ അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് അധികൃതർ പിടിച്ചെടുത്തത്. 1,700 ലിറിക്ക ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 50 ഗ്രാം കൊക്കെയ്ൻ, 3 ഗ്രാം മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ 400 മില്ലി ലിറ്റർ കെമിക്കൽ ഓയിൽ, തിരിച്ചറിയാത്ത 30 ഗ്രാം രാസവസ്തുക്കൾ എന്നിവയും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. വിൽപനയ്ക്കായി തയ്യാറാക്കിയ പാക്കിംഗ് സാമഗ്രികൾ, മയക്കുമരുന്ന് അളക്കുന്നതിനുള്ള ഉപകരണങ്ങൾ, കെമിക്കൽ ഓയിൽ അടങ്ങിയ ഇലക്ട്രോണിക് ഹുക്ക എന്നിവയും പ്രതികളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ രാജ്യത്തുടനീളം തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും യുവാക്കളുടെ ഭാവിയ്ക്കും ഭീഷണിയാകുന്ന ഇത്തരം സംഘങ്ങളെ അടിച്ചമർത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.


