കുവൈത്ത് എയർവേയ്‌സ് ഏപ്രിൽ 26 മുതൽ 17 സിറ്റികളിലേക്ക് സർവീസുകൾ പുനരാരംഭിക്കും. ഫെബ്രുവരി 28 മുതൽ നിലവിലുണ്ടായിരുന്ന താത്കാലിക വ്യോമപാത അടച്ചിടലിന് പിന്നാലെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) വഴി 17 സിറ്റികളിലേക്ക് വിമാന സർവീസുകൾ ഏപ്രിൽ 26 മുതൽ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. ഫെബ്രുവരി 28 മുതൽ നിലവിലുണ്ടായിരുന്ന താത്കാലിക വ്യോമപാത അടച്ചിടലിന് പിന്നാലെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യോമപാത തുറന്നതായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവീസുകൾ വീണ്ടും തുടങ്ങുന്നത്. പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാനാണ് തീരുമാനം.

സർവീസ് വിശദാംശങ്ങൾ

ആഴ്ചയിൽ മൂന്ന് സർവീസുകൾ: ലണ്ടൻ, റിയാദ്, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ഡൽഹി, മനില

ദിവസേന ഒരു സർവീസ്: കൈറോ

ആഴ്ചയിൽ നാല് സർവീസുകൾ: ജിദ്ദ, ഡാക്ക

ആഴ്ചയിൽ രണ്ട് സർവീസുകൾ: ബെയ്റൂത്ത്, ഡമാസ്കസ്, ലാഹോർ

ആഴ്ചയിൽ ഒരു സർവീസ്: ഇസ്താംബുൾ, ഗ്വാങ്‌ഷോ, കൊളംബോ

ആകെ 17 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് ആക്ടിംഗ് സിഇഒ അബ്ദുൽവഹാബ് അൽ-ഷത്തി വ്യക്തമാക്കി. ടെർമിനൽ 4 വഴി പ്രവർത്തനം പുനരാരംഭിക്കുന്നത് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഏതു സാഹചര്യത്തെയും കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പും കമ്പനിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാരുടെ സൗകര്യങ്ങളും സേവന നിലവാരവും ഉയർത്തിപ്പിടിക്കുന്നതിൽ കുവൈത്ത് എയർവേയ്‌സ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതായും, സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അധികൃതർ അറിയിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു

പശ്ചിമേഷ്യ സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളം വീണ്ടും തുറന്നത്. ഏകദേശം രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നത്. വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാകുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആദ്യഘട്ടത്തിൽ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് ഞായറാഴ്ച മുതൽ ആരംഭിക്കുക. ഇറാൻ നടത്തിയ ആക്രമണങ്ങളിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകൾ പരിഹരിച്ചു. സാങ്കേതിക വിഭാഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിമാനത്താവളം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ കരുതലോടെ മാത്രമേ മുഴുവൻ സർവീസുകളും തുടങ്ങുകയുള്ളൂ.