ഷാർജ: ഷാർജയിൽ രണ്ടാനമ്മയുടെ ക്രൂരപീഡനത്തിന് ഇരയായ ആറുവയസ്സുകാരിയെ മോചിപ്പിച്ചു. മുഖത്ത് സാരമായി പൊള്ളലേറ്റ നിലയിലായിരുന്ന കുട്ടിയെ കണ്ടെത്തിയത്. അന്വേഷണത്തിൽ രണ്ടാനമ്മ കുട്ടിയെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയതായി കണ്ടെത്തി.

അൽ കസ്ബയിലെ കുട്ടികളുടെ കളിസ്ഥലത്ത് ഇരിക്കുകയായിരുന്ന യുവതിയാണ് പാർക്കിൽ തനിച്ചിരിക്കുന്ന പെൺകുട്ടിയെ കണ്ടത്. പിന്നീട് സംസാരിക്കുന്നതിനിടെയായിരുന്നു പെൺകുട്ടിയുടെ കണ്ണിന് താഴെയായി പൊള്ളലേറ്റ പാട് കണ്ടത്. രണ്ടാനമ്മ തന്നെ അടിക്കുകയും തിളച്ചവെള്ളം ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി യുവതിയോട് പറഞ്ഞു. ഇതിന് പിന്നാലെ, പെൺകുട്ടിയുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ മാരകമായി പരിക്കേറ്റ പാടുകളും കണ്ടതോടെ യുവതി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

യുവതി വിവരമറിയിച്ചതോടെ ശിശു സംരക്ഷണ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. കാലിന് പുറകിലായി കറികത്തി ചൂടാക്കി പൊള്ളലേൽപ്പിച്ച പാടുണ്ട്. സംഭവത്തിൽ രണ്ടാനമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ഇവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. താൻ കുട്ടിയുടെ മുഖത്ത് അടിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു രണ്ടാനമ്മ പൊലീസിൽ പറഞ്ഞത്.

അച്ഛന്റെയും അമ്മയുടെയും വിവാഹമോ​ചനത്തിന് ശേഷം പെൺകുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ ഒരു മയക്കുമരുന്ന് കേസിൽപ്പെട്ട് അമ്മ അറസ്റ്റിലായി. ഇതോടെ ഒറ്റയ്ക്കായ പെൺകുട്ടി അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം താമസം മാറുകയായിരുന്നു.