റാസല്‍ഖൈമ: വീട്ടില്‍ ഭാഗികമായി തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഡ്രെയിനേജ് സംവിധാനത്തിന്റെ ഭാഗമായ മാന്‍ഹോളില്‍ കുട്ടി വീണതെന്ന് ബന്ധു പറഞ്ഞു.

കുട്ടിയെ കാണാതായപ്പോള്‍ അമ്മ വീട്ടിലും പരിസരത്തും തെരഞ്ഞു. കാണാതായപ്പോള്‍ അച്ഛനും മറ്റ് ബന്ധുക്കളും കൂടി തെരച്ചിലില്‍ പങ്കാളികളായി. മാന്‍ഹോളില്‍ രണ്ട് തവണ നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.

സിവില്‍ ഡിഫന്‍സിന്റെ പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം മാന്‍ഹോളിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനായിരുന്നു മരണപ്പെട്ട ആറ് വയസുകാരന്‍.