രാജ്യത്തെ വിവിധ ആശുപത്രികളിലായി കൊവിഡ് വൈറസ് ബാധിതരായ 65 പേര്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ഒമാന്‍ ആരോഗ്യ  മന്ത്രി പറഞ്ഞു.

മസ്കറ്റ്: ഒമാനില്‍ 60 ആരോഗ്യ പ്രവര്‍ത്തര്‍ക്ക് കൊവിഡ് 19 ബാധിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രി ഡോകട്ര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി. 40,000 പേരില്‍ ഇതിനകം കൊവിഡ് -19 പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു .രാജ്യത്തെ വിവിധ ആശുപത്രികളിലായി കൊവിഡ് വൈറസ് ബാധിതരായ 65 പേര്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രി പറഞ്ഞു.

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തു ഇന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒമാനില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രാജ്യത്ത് ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ വിദേശികളും 39 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2348ലെത്തിയെന്നും 495 പേര്‍ സുഖം പ്രാപിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു . ഇതുവരെയും ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച പത്ത് പേരാണ് മരണപ്പെട്ടിട്ടുള്ളത്..