ഉത്തര സൗദിയിലെ അല്‍ ലൗസ് മലനിരകളില്‍ മഞ്ഞുനിറഞ്ഞു. നിരവധിപ്പേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

റിയാദ്: അന്തരീക്ഷ താപനിലയില്‍ പെട്ടെന്നുണ്ടായ കുറവ് കാരണം സൗദി അറേബ്യയിലെ തബൂക്കില്‍ (Tabuk, Saudi Arabia) മലനിരകളില്‍ മഞ്ഞുനിറഞ്ഞു. ശനിയാഴ്‍ച രാവിലെ മുതല്‍ നിരവധി സന്ദര്‍ശകരാണ് ഉത്തര സൗദിയിലെ അല്‍ ലൗസ് മലനിരകളില്‍ (Jabal Al-Lawz) മഞ്ഞുവീഴ്‍ച ആസ്വദിക്കാനെത്തുന്നത്. തബൂക്ക് നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് അല്‍ ലൗസ് മലനിരകള്‍.

പുതുവര്‍ഷപ്പറവിയില്‍ സൗദി അറേബ്യയില്‍ മഞ്ഞുവീഴ്‍ച ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അല്‍ ലൗസ് മലനിരകള്‍ ഏതാണ്ട് പൂര്‍ണമായും മഞ്ഞ് മൂടിയ നിലയിലാണ്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരവധി വാഹനങ്ങളും സന്ദര്‍ശകരും ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ശൈത്യ കാലത്ത് രാജ്യത്തെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് തബൂക്ക്.

Scroll to load tweet…

അല്‍ ലൗസ് മലനിരകള്‍ക്ക് പുറമെ അല്‍ അല്‍ ഖാന്‍ മലനിരകളിലും അല്‍ സൈതയിലും മഞ്ഞുവീഴ്‍ചയ്‍ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അസീര്‍, ജിസാന്‍, മദീന, ഹായില്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ ജൌഫ് എന്നിവിടങ്ങിലെല്ലാം ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.