ദേശീയ മനുഷ്യാവകാശ സൊസൈറ്റി പ്രശ്നത്തില്‍ ഇടപെട്ടതിന് ശേഷം ചില കമ്പനികള്‍ നിലപാട് മാറ്റിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത്തരം വിവേചനം കാണിക്കുന്നത് തെളിയിക്കപ്പെട്ടാല്‍ തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയം ശക്തമായ നിയമനടപടികളെടുക്കുമെന്നും മുഫ്‍ലിഹ് അല്‍ ഖത്താനി പറഞ്ഞു.

റിയാദ്: സ്ത്രീകളെ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കാന്‍ രാജ്യത്തെ ചില സ്വകാര്യ കമ്പനികള്‍ അനുവദിക്കുന്നില്ലെന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സൗദി ദേശീയ മനുഷ്യാവകാശ സൊസൈറ്റി (എന്‍ എസ് എച്ച് ആര്‍). ശിരോവസ്ത്രമോ മുഖം മറയ്ക്കുന്ന നിഖാബോ ധരിക്കുന്നതിന്റെ പേരില്‍ സൗദി സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എന്‍ എസ് എച്ച് ആര്‍ ചെയര്‍മാന്‍ മുഫ്‍ലിഹ് അല്‍ ഖത്താനി അറിയിച്ചു.

മുഖം മറയ്ക്കാത്ത സ്ത്രീകള്‍ക്ക് ചില കമ്പനികള്‍ മുന്‍ഗണന നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനമാണിത്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം. ദേശീയ മനുഷ്യാവകാശ സൊസൈറ്റി പ്രശ്നത്തില്‍ ഇടപെട്ടതിന് ശേഷം ചില കമ്പനികള്‍ നിലപാട് മാറ്റിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത്തരം വിവേചനം കാണിക്കുന്നത് തെളിയിക്കപ്പെട്ടാല്‍ തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയം ശക്തമായ നിയമനടപടികളെടുക്കുമെന്നും മുഫ്‍ലിഹ് അല്‍ ഖത്താനി പറഞ്ഞു.

സ്ത്രീകളുടെ യോഗ്യതയും കഴിവും പരിഗണിച്ചാകണം ജോലി നല്‍കേണ്ടത്, അല്ലാതെ അവര്‍ എന്ത് ധരിക്കുന്നുവെന്നോ കാണാന്‍ എങ്ങനെയുണ്ടെന്നോ നോക്കിയാവരുതെന്നും എന്‍ എസ് എച്ച് ആര്‍ ചെയര്‍മാന്‍ പറഞ്ഞു. ഇത്തരത്തില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കണമെന്നും നിയമ വിദഗ്ദര്‍ പറഞ്ഞു.