അറബി ഭാഷാ സിനിമകൾക്ക് ധനസഹായം നൽകുന്നതിനായി മീഡിയ സിറ്റി ഖത്തറിന് കീഴിലുള്ള ഖത്തർ ഫിലിം കമ്മിറ്റിയുമായി ബഹുവർഷ കരാറിൽ ഒപ്പുവെച്ച്‌ സോണി പിക്ചേഴ്സ്. 

ദോഹ: മിഡിൽ ഈസ്റ്റിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ള അറബി ഭാഷാ സിനിമകൾക്ക് ധനസഹായം നൽകുന്നതിനായി മീഡിയ സിറ്റി ഖത്തറിന് കീഴിലുള്ള ഖത്തർ ഫിലിം കമ്മിറ്റിയുമായി ബഹുവർഷ കരാറിൽ ഒപ്പുവെച്ച്‌ അമേരിക്കൻ വിനോദ വ്യവസായ കമ്പനിയായ സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസ് (എസ്.പി.ഐ.പി).

ദോഹ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന “ഇൻഡസ്ട്രിയൽ ഡെയ്‌സിന്റെ” രണ്ടാം ദിവസത്തിലാണ് ഖത്തർ ഫിലിം കമ്മിറ്റി കരാർ പ്രഖ്യാപിച്ചത്. ഖത്തറിനെ ഒരു പ്രധാന ചലച്ചിത്ര-ടെലിവിഷൻ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ പങ്കാളിത്തത്തോടെ ദോഹ ഫിലിം ഫെസ്റ്റിവലിൽ നിയോൺ, ഡിപ്പാർട്ട്മെന്റ് എം, മിറാമാക്സ് എന്നിവയ്ക്ക് ശേഷം, ഖത്തർ ഫിലിം കമ്മിറ്റിയുമായി കരാറിൽ ഒപ്പുവയ്ക്കുന്ന ഏറ്റവും പുതിയ യു.എസ് സ്റ്റുഡിയോയായി സോണി മാറി. കരാർ പ്രകാരം, സോണി ഖത്തറിൽ ബ്രാഞ്ച് സ്ഥാപിക്കുകയും നിരവധി അറബി ഭാഷാ സിനിമകളുടെ വിതരണത്തിലും നിർമ്മാണത്തിലും പങ്കാളിയാവുകയും ചെയ്യും. ഈ പ്രോജക്റ്റുകൾ നിലവിൽ സോണിയുടെ ലൈബ്രറിയിലുള്ള ഒറിജിനൽ കഥകളോ അഡാപ്റ്റേഷനുകളോ ഉൾപ്പെടാം. 

കൂടാതെ, ഇരുപക്ഷവും സംയുക്തമായി അംഗീകരിച്ച ഒരു പ്രാദേശിക നിർമ്മാതാവായിരിക്കും ഇവ കൈകാര്യം ചെയ്യുക. എസ്.പി.ഐ.പിയും ഫിലിം കമ്മിറ്റിയും സംയുക്തമായി സൃഷ്ടിപരവും സാമ്പത്തികവുമായ എല്ലാ പ്രധാന തീരുമാനങ്ങളും അംഗീകരിക്കും. ഈ പങ്കാളിത്തത്തിന് കീഴിൽ സൃഷ്ടിക്കപ്പെടുന്ന പ്രോജക്റ്റുകളുടെ ആഗോള വിതരണം സോണി കൈകാര്യം ചെയ്യും. പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌ത ഒരു റൈറ്റേഴ്‌സ് ഇൻകുബേഷൻ ലാബിന്റെ വികസനവും കരാറിൽ ഉൾപ്പെടുന്നു.