കുവൈത്ത് സിറ്റി: പാകിസ്ഥാൻ ഉൾപ്പെടെ ആറു  രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശന വിസ ലഭിക്കാൻ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി കുവൈത്ത് നിർബന്ധമാക്കി. പാക്കിസ്ഥാന് പുറമെ ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്കാണ് വിസ അനുവദിക്കുന്നതിൽ പുതിയ നിബന്ധന  ഏർപ്പെടുത്തിയത് . 

വിവിധ ഗവർണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകൾക്ക് ആഭ്യന്തര മന്ത്രാലയം അയച്ച സർക്കുലറിലാണ് പുതിയ നിബന്ധന വ്യക്തമാക്കുന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്കാർ നൽകുന്ന സന്ദർശക വിസ അപേക്ഷകളിൽ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക അനുമതി ഇല്ലാതെ വിസ അനുവദിക്കരുതെന്നാണ് നിർദേശം. തൊഴിൽ വിസ അനുവദിക്കുന്നതിൽ ഈ രാജ്യക്കാർക്കു നേരത്തെ തന്നെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.  സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ്  നിയന്ത്രണം.

ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോൾ നിയന്ത്രണം പിൻവലിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയംത്തിന്റെ വിശദീകരണം. അതേസമയം നിലവിൽ കുവൈത്തിലുള്ളവർക്കു താമസാനുമതി പുതുക്കുന്നതിന്  തടസ്സമുണ്ടാകില്ല . ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം  152,759 സിറിയക്കാരും 14,999 ഇറാഖികളും 38,034 ഇറാൻകാരും 12,972 യെമനികളും 107,084 പാകിസ്ഥാനികളും 278,865 ബംഗ്ലാദേശികളും നിയമാനുസൃത ഇഖാമയിൽ  കുവൈത്തിലുണ്ട്.