റിയാദ്: ഗൾഫ് രാജ്യങ്ങളിലെ സുരക്ഷ ചർച്ച ചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് വിളിച്ച അടിയന്തര ഉച്ചകോടിക്ക് നാളെ തുടക്കമാകും. യോഗത്തിൽ 57 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും.  ഗൾഫ് മേഘലയിലെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാനായാണ് ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചു ചേർത്തത്.

പതിനാലാമതു ഇസ്ലാമിക ഉച്ചകോടിയ്ക്കും അറബ് ഉച്ചകോടിയ്ക്കും പുറമെയാണ് മേഘലയിലെ സുരക്ഷാ കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായി അടിയന്തിര ഉച്ചകോടി സൽമാൻ രാജാവ് വിളിച്ചത്. നാളെയും മറ്റന്നാളുമാണ് സൗദിയുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ ഉച്ചകോടി മക്കയിൽ ചേരുന്നത്. സമ്മേളനത്തിൽ സംബന്ധിക്കാൻ വിവിധ രാഷ്ട്രങ്ങളുടെ നേതാക്കൾ മക്കയിൽ എത്തിച്ചേർന്നു.

ആഗോള വാർത്ത പ്രാധാന്യം കണക്കിലെടുത്തു നിരവധി വിദേശ മാധ്യമ പ്രവർത്തകരാണ് മക്കയിൽ എത്തിയിരിക്കുന്നത്. ഉച്ചകോടിയോടു അനുബന്ധിച്ചു മക്കയിൽ ഇന്നലെ മുതൽ ഗതാഗത നിയന്ത്രണവും നിലവിൽ വന്നു. ഈ ദിവസങ്ങളിൽ ഉംറ സർവീസ് കമ്പനികളുടെ വാഹനങ്ങളും ഹറാമിന്റെ സമീപ പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നു ഹജ്ജ്- ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.